ബിസിസിഐ പ്രസിഡന്റായി മിഥുൻ മൻഹാസ് തിരഞ്ഞെടുക്കപ്പെട്ടു; ജയേഷ് ജോർജിന് വനിതാ പ്രീമിയർ ലീഗിന്റെ ചെയർമാൻ സ്ഥാനം
ന്യൂഡൽഹി: മുൻ ഡൽഹി ക്യാപ്റ്റനും ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ താരവുമായ മിഥുൻ മൻഹാസിനെ ബിസിസിഐയുടെ പുതിയ പ്രസിഡന്റായി പ്രഖ്യാപിച്ചു. റോജർ ബിന്നി പടിയിറങ്ങിയ ഒഴിവിലേക്ക് താത്കാലിക പ്രസിഡന്റായെത്തിയ രാജീവ് ശുക്ല വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. 157 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച മൻഹാസ് ബി.സി.സി.ഐ.യുടെ 37-ാമത്തെ പ്രസിഡന്റാണ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ആണ് മിഥുൻ മൻഹാസിന്റെ നിയമനം എക്സിലൂടെ ഔദ്യോഗികമായി അറിയിച്ചത്.
ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസ്, പൂനെ വാരിയേഴ്‌സ്, ചെന്നൈ സൂപ്പർ കിംഗ്‌സ് എന്നീ മൂന്ന് ഫ്രാഞ്ചൈസികൾക്കായി അദ്ദേഹം കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ഒരിക്കലും ഇന്ത്യൻ ടീമിൽ കളിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല. 2022ലെ ഐപിഎൽ സീസണിൽ ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലകനായും അദ്ദേഹം പ്രവർത്തിച്ചു.
സെലക്ഷൻ കമ്മിറ്റിയിലും രണ്ട് പുതിയ സെലക്ടർമാരെ ബിസിസിഐ പ്രഖ്യാപിച്ചു. ആർ പി സിംഗ്, പ്രഗ്യൻ ഓജ എന്നിവരാണ് പുതുതായി സെലക്ഷൻ പാനലിൽ എത്തിയത്. നിലവിലുള്ള സെലക്ടർമാരായ ശിവ് സുന്ദർ ദാസ്, അജിത് അഗാർക്കർ, അജയ് രാത്ര എന്നിവർക്കൊപ്പം ഇവരും ഇനി സെലക്ഷൻ പാനലിന്റെ ഭാഗമാകും.
റോജർ ബിന്നി ബിസിസിഐയുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് പുതിയ നിയമനങ്ങൾക്ക് കളമൊരുങ്ങിയത്. അദ്ദേഹത്തിന് 70 വയസ് തികഞ്ഞതോടെയാണ് രാജി സമർപ്പിച്ചത്. ഇതിനെത്തുടർന്ന് തിരഞ്ഞെടുപ്പ് ഒഴിവാക്കി പുതിയ പ്രസിഡന്റിനെ കണ്ടെത്താനായി സെപ്തംബർ 20ന് ഡൽഹിയിൽ ചേർന്ന അനൗദ്യോഗിക യോഗത്തിലാണ് മിഥുൻ മൻഹാസിനെ പ്രസിഡന്റായി തീരുമാനിച്ചത്.
അതേസമയം കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ.) പ്രസിഡന്റായ ജയേഷ് ജോർജിനെ വനിതാ പ്രീമിയർ ലീഗിന്റെ പ്രഥമ ചെയർമാനായി തിരഞ്ഞെടുത്തു. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ബോർഡിന്റെ ഭരണരംഗത്ത് ഒരു മലയാളി സുപ്രധാന പദവിയിലേക്ക് എത്തിയെന്ന സവിശേഷതയും ഇത്തവണത്തെ തിരഞ്ഞെടുപ്പിലുണ്ട്.