ബാറിലെ ഗുണ്ടാ സംഘർഷം: തോക്ക് കണ്ടെടുക്കാൻ ശ്രമം

Monday 29 September 2025 1:32 AM IST
എയർ പിസ്റ്റൽ

• വടിവാളുകൾക്കൊപ്പം ഹോക്കി സ്റ്റിക്കും

കൊച്ചി: എറണാകുളത്തെ ബാറിൽ നഗരസഭാ കൗൺസിലറുമായി ഏറ്റുമുട്ടിയ കേസിൽ റിമാൻഡിലായ ഗുണ്ടാ സംഘത്തെ എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. ഇതിനായി ഇന്ന് കോടതിയെ സമീപിക്കുമെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി കൊച്ചിയിലെത്തിച്ച സെബിനെയുെം കൂട്ടുപ്രതികളായ ബേസിൽ ബാബു, എം.എ. ഷബീർ അലി, ആര്യൻ എന്നിവരെയും മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി എറണാകുളം സബ് ജയിലിൽ റിമാൻഡ് ചെയ്തു.

ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ പ്രതികൾ ഉപയോഗിച്ച വടിവാളുകളിൽ ഒരെണ്ണം ബംഗളൂരുവിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. വടിവാളിനൊപ്പം പ്രതികളുടെ കൈവശമുണ്ടായിരുന്ന തോക്കും രണ്ടാമത്തെ വടിവാളും കസ്റ്റഡിയിൽ നടത്തുന്ന തെളിവെടുപ്പിൽ കണ്ടെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. 35,000 രൂപ വിലവരുന്ന മുന്തിയ എയർ പിസ്റ്റലാണ് കൈവശമുള്ളതെന്നാണ് സെബിന്റെ മൊഴി. ഇതോടൊപ്പം ഹോക്കി സ്റ്റിക്കും ഉണ്ടായിരുന്നതായി വിവരം ലഭിച്ചു.

ബംഗളൂരുവിൽ പ്രതികൾ ഒളിവിൽ പാർത്തത് ജിമ്മിനോട് ചേർന്നാണ്. ഒന്നാംപ്രതിയും ജിം ട്രെയിനറുമായ സെബിന്റെ സുഹൃത്തായ ജിംഇൻസ്ട്രക്ടറാണ് സൗകര്യമൊരുക്കിയത്. ബംഗളൂരുവിൽ സെബിന്റെ ഉടമസ്ഥതയിൽ ഡോഗ് ഫാമുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു.

കൊച്ചിയിൽ നിന്ന് കാറിൽ കടന്ന സംഘം മൂന്നാർ, തിരുവനന്തപുരം, കൃഷ്ണരാജപുരം വഴിയാണ് ബംഗളൂരുവിൽ എത്തിയത്. പിടിക്കപ്പെ‌ടാതിരിക്കാൻ മൊബൈൽ ഫോണുകൾ സ്വിച്ച്ഓഫ് ചെയ്തിരുന്നു. ഒരു വ‌ട്ടം ഫോൺ ഓണാക്കിയതാണ് പൊലീസിന് പിടിവള്ളിയായത്.

ബാറിൽ വച്ച് നഗരസഭാ കൗൺസിലറുമായി വാക്കേറ്റമുണ്ടാകാൻ ഇടയായ സാഹചര്യത്തെപ്പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്. സെബിന്റെ മുടിയിൽ കൗൺസിലർ പിടിച്ചതാണ് പ്രകോപന കാരണമെന്ന് പ്രതികൾ പറയുന്നു. ബാറിലെ സി.സി ടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. കേരളം വിടാൻ സംഘം ഉപയോഗിച്ച കാർ സെബിന്റെ ഫോർട്ട്കൊച്ചിയിലുള്ള സു‌‌ഹൃത്തിന്റേതാണ്.