'ഒരു കുടുംബത്തിലെ നാല് നായന്മാർ രാജിവച്ചാൽ എൻഎസ്‌എസിന് ഒന്നുമില്ല'; സുകുമാരൻ നായർക്ക് പിന്തുണയുമായി കെ ബി ഗണേശ് കുമാർ

Sunday 28 September 2025 5:45 PM IST

ആലപ്പുഴ: എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് പിന്തുണയുമായി മന്ത്രി കെ ബി ഗണേശ് കുമാർ. ഒരു കുടുംബത്തിലെ നാല് നായന്മാർ രാജിവച്ചാൽ എൻ എസ് എസിന് ഒന്നുമില്ല. സെക്രട്ടറിക്ക് പിന്നിൽ പാറ പോലെ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരം എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റായി ഗണേശ് കുമാറിനെ വീണ്ടും തിരഞ്ഞെടുത്തിരിക്കുകയാണ്. ഇതിനിടെയാണ് സുകുമാരൻ നായർക്ക് പിന്തുണയറിയിച്ചിരിക്കുന്നത്.

'ഏറ്റവും കരുത്തുറ്റ നേതാവ് തന്നെയാണ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ സാർ. ഇപ്പോൾ വീണ്ടും നിങ്ങൾ എന്നെ യൂണിയന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കുമ്പോൾ, അദ്ദേഹത്തിന്റെ പിന്നിൽ പാറ പോലെ ഉറച്ചുനിൽക്കുമെന്ന് ഞാൻ ആദ്യം തന്നെ പ്രഖ്യാപിക്കുകയാണ്.'- അദ്ദേഹം പറഞ്ഞു.

അതേസമയം, സുകുമാരൻ നായർക്കെതിരെ വിവിധയിടങ്ങളിൽ പ്രതിഷേധ ഫ്ലെക്സുകൾ വീണ്ടും ഉയർന്നിരിക്കുകയാണ്. തിരുവല്ലയ്ക്ക് സമീപം പെരിങ്ങരയിലാണ് ഇത്തവണ 'സേവ് നായർ ഫോറത്തിന്റെ' പേരിൽ ബാനറുകൾ പ്രത്യക്ഷപ്പെട്ടത്. 'പിന്നിൽനിന്നും കാലു വാരിയ പാരമ്പര്യം നല്ല നായർക്കില്ല', 'ശബരിമല അയ്യപ്പസ്വാമിയുടെ ആചാര സംരക്ഷണത്തിന് അണിനിരന്ന ആയിരങ്ങളെ അപമാനിച്ച സമുദായ വഞ്ചകൻ എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രാജിവെക്കുക' തുടങ്ങിയവയാണ് ബാനറുകളിലെ പ്രധാന മുദ്രാവാക്യങ്ങൾ.

ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ ജി സുകുമാരൻ നായർ നടത്തിയ സർക്കാർ അനുകൂല പരാമർശം ഏറെ ചർച്ചയായിരുന്നു. ഈ സർക്കാരിൽ വിശ്വാസമാണെന്ന് തുറന്നുപറഞ്ഞ് ശബരിമല വിഷയത്തിൽ സർക്കാരിനെ പിന്തുണയ്ക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. അതോടൊപ്പം യു ഡി എഫിനെയും ബി ജെ പിയേയും കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്‌തിരുന്നു. ഇതിനുപിന്നാലെയാണ് സുകുമാരൻ നായർക്കെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നുകൊണ്ടിരിക്കുന്നത്.