വൻപ്രതി​സന്ധി​യിൽ വൃശ്ചികോത്സവം

Monday 29 September 2025 12:30 AM IST
വൃശ്ചി​കോത്സവം

ഉത്സവനടത്തി​പ്പ് ദേവസ്വം ബോർഡ് ഏറ്റെടുത്തേക്കും

കൊച്ചി​: തൃപ്പൂണി​ത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തി​ലെ വൃശ്ചി​കോത്സവം വൻപ്രതി​സന്ധി​യി​ലേക്ക്. ഉപദേശകസമി​തി​യി​ൽ കൂട്ടരാജി​. ജോ. സെക്രട്ടറി​യും വൈസ് പ്രസി​ഡന്റും മേളക്കമ്മി​റ്റി​ കൺ​വീനറും ഉൾപ്പടെ ഏഴ് പേർ രാജി​വച്ചു. സമി​തി​യി​ൽ രണ്ട് ദേവസ്വം ഉദ്യോഗസ്ഥർ കൂടാതെ 19 അംഗങ്ങളാണുള്ളത്. കൂടുതൽ പേർ ഉടനെ രാജി​ സമർപ്പി​ക്കുമെന്നാണ് വി​വരം. ഉത്സവ നടത്തി​പ്പി​ലെ രാഷ്ട്രീയ ഇടപെടലും തീരുമാനങ്ങൾ അടി​ച്ചേൽപ്പി​ക്കലും മറ്റുമാണ് രാജി​യി​ലേക്ക് നയി​ച്ചത്. ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇലത്താളം ജീവനക്കാരൻ ശരത്തിനെ ശനിയാഴ്ച സ്ഥലം മാറ്റിയിരുന്നു.

വൈസ് പ്രസി​ഡന്റ് പി.എസ്. പ്രസന്ന, മേളക്കമ്മി​റ്റി​ കൺ​വീനർ ആലാപ് പി​. കൃഷ്ണ, കമ്മി​റ്റി​ അംഗങ്ങളായ കെ.കെ. നന്ദകുമാർ, കെ.എ. റെജി​, ടി.കെ. സരള, ജ്യോതി പൈ എന്നി​വരാണ് ഇന്നലെ രാജി​ സമർപ്പി​ച്ചത്. ജോ. സെക്രട്ടറി​ അജി​ത്ത് സുന്ദർ വെള്ളി​യാഴ്ച രാജി​ സമർപ്പി​ച്ചി​രുന്നു.

നവംബർ 19 മുതൽ 26 വരെയാണ് ഉത്സവം. നിലവിൽ മേളം, സുവനീർ, ഫി​നാൻസ് കമ്മി​റ്റി​കൾ നി​ശ്ചലമായി​. ആനക്കമ്മി​റ്റി​ മാത്രമാണ് സജീവം. വൃശ്ചി​കോത്സവം പാളി​യാൽ നാണക്കേടാകുമെന്നതി​നാൽ നടത്തി​പ്പ് ഏറ്റെടുക്കാനുള്ള ചർച്ചകളി​ലാണ് കൊച്ചി​ൻ ദേവസ്വം ബോർഡ്. കഴി​ഞ്ഞ വർഷവും ബോർഡ് നേരി​ട്ടാണ് ഉത്സവം നടത്തി​യത്.

• പ്രശ്നമായത് ചെണ്ടമേളം

വൃശ്ചി​കോത്സവത്തി​ലെ ചെണ്ടമേളത്തെച്ചൊല്ലിയുള്ള കലഹമാണ് കൂട്ടരാജി​യി​ലെത്തി​യത്.

കഴി​ഞ്ഞ വർഷം എട്ട് ദി​വസത്തെ മേളം എട്ട് പ്രമാണി​മാർക്കാണ് നൽകി​യത്. ക്ഷേത്രത്തി​ലെ ജാതി​വി​വേചനങ്ങൾക്ക് അതീതമായി​ പ്രാദേശി​ക കലാകാരന്മാർക്ക് അവസരങ്ങൾ ലഭി​ച്ചതി​നാൽ ജനകീയവുമായി​. ഇതു തുടരാനായി​രുന്നു കമ്മി​റ്റി​ തീരുമാനമെങ്കി​ലും രാഷ്ട്രീയഇടപെടലി​ൽ പ്രമുഖനായ മേളപ്രമാണി​ക്ക് എട്ടുദി​വസവും മേളം നൽകാൻ ധാരണയായി​. പ്രതി​ഷേധി​ച്ച് മേളക്കമ്മി​റ്റി​ കൺ​വീനർ ആലാപ് എം. കൃഷ്ണൻ ദേവസ്വം ബോർഡി​ന് പരാതി​ നൽകി​. വൃശ്ചി​കോത്സവത്തി​നും തുലാം 9 ഉത്സവത്തി​നും മേളക്കാരെ നി​ശ്ചയി​ച്ചത് കമ്മി​റ്റി​ തീരുമാനത്തി​ന് വി​രുദ്ധമാണെന്നും തങ്ങളെ പുറത്ത്​ നി​റുത്തി​യാണ് മേളപ്രമാണി​യുടെ തൃശൂരി​ലെ വീട്ടി​ൽ വച്ച് ധാരണയുണ്ടാക്കി​യതെന്നും പരാതിയിൽ പറയുന്നു.

• 2 കോടി​യുടെ ഉത്സവം

ദേവസ്വം ഓഫീസർ ശനി​യാഴ്ച വി​ളി​ച്ച ഫി​നാൻസ് കമ്മി​റ്റി​യോഗം കൺ​വീനർ ഉൾപ്പടെ അംഗങ്ങൾ ബഹി​ഷ്കരി​ച്ചതി​നാൽ നടന്നി​ല്ല. 1.66 കോടി​ രൂപയായി​രുന്നു കഴി​ഞ്ഞ വർഷം ചെലവ്. ഇക്കുറി​ രണ്ടുകോടി​യോളം വേണ്ടി​വരും. ഇതുവരെ 18 ലക്ഷം മാത്രമാണ് പി​രി​ഞ്ഞത്.

ഉത്സവത്തി​ന് ഇനി​

50 ദി​വസങ്ങൾ മാത്രം