അനുഭവങ്ങൾ പങ്കുവച്ച് ഹൃദയപൂർവം സ്നേഹസംഗമം
കൊച്ചി: ഹൃദയതാളം വീണ്ടെടുത്ത് ജീവിതത്തിലേക്ക് തിരികെയെത്തിയവർ കരുതലിന്റെയും കടപ്പാടിന്റെയും അപൂർവ വേദിയിൽ സംഗമിച്ചു. ഹൃദ്രോഗത്തിൽനിന്ന് മോചിതരായ ചെറുപ്പക്കാർ ഉൾപ്പെടെയുള്ളവർ കുടുംബാംഗങ്ങളോടൊപ്പം ലിസി ആശുപത്രി ഓഡിറ്റോറിയത്തിൽ എത്തിയപ്പോൾ, ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ വരവേറ്റു. രോഗമുക്തി നേടിയവരും ഡോക്ടർമാരും അനുഭവങ്ങൾ പങ്കുവച്ചു. ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ലിസി ഹോസ്പിറ്റലും ഹാർട്ട് കെയർ ഫൗണ്ടേഷനും ചേർന്നാണ് 'ഹൃദയസംഗമം" സംഘടിപ്പിച്ചത്. സൗത്ത് ഇന്ത്യൻ ബാങ്ക് ഡയറക്ടർ വി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു. ഹാർട്ട് കെയർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ വൊക്കേഷണൽ എക്‌സലൻസ് പുരസ്‌കാരം (50,000 രൂപ) കാർഡിയോളജിസ്റ്റ് ഡോ. മുല്ലശേരി അജിത് ശങ്കർദാസിന് വി.ജെ. കുര്യൻ സമ്മാനിച്ചു. മദ്രാസ് മെഡിക്കൽ മിഷനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കാർഡിയോവാസ്‌കുലർ ഡിസീസസ് വിഭാഗത്തിന്റെ ചെയർമാനും മേധാവിയുമാണ് ഡോ. അജിത് ശങ്കർദാസ്. ലിസി ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ഡോ. പോൾ കരേടൻ അദ്ധ്യക്ഷനായി. ഹാർട്ട് കെയർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ട്രസ്റ്റി ഡോ. ജേക്കബ് എബ്രഹാം, സെക്രട്ടറി രാജു കണ്ണമ്പുഴ, കൊച്ചി റോട്ടറി ക്ലബ് പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ്, മെഡിക്കൽ പാനൽ ചെയർമാൻ ഡോ. റോണി മാത്യു കടവിൽ എന്നിവർ പ്രസംഗിച്ചു.