ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യക്ക് ടോസ്; പാകിസ്ഥാനെ ബാറ്റിംഗിന് അയച്ച് സൂര്യകുമാര്‍ യാദവ്

Sunday 28 September 2025 7:48 PM IST

ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റ് കലാശപ്പോരില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ടോസ്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പാകിസ്ഥാനെ ബാറ്റിംഗിന് അയച്ചു. ഇത്തവണ ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ജയം ഇന്ത്യക്ക് ഒപ്പമായിരുന്നു. തോല്‍വി അറിയാതെയാണ് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയതെങ്കില്‍ ഇന്ത്യക്കെതിരെ മാത്രമാണ് പാകിസ്ഥാന്‍ തോല്‍വി വഴങ്ങിയത്. ശ്രീലങ്കയ്‌ക്കെതിരായ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.

കഴിഞ്ഞ മത്സരത്തില്‍ കളിച്ച ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ക്ക് പകരം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ഓള്‍റൗണ്ടര്‍ ശിവം ദൂബെയും ടീമില്‍ മടങ്ങിയെത്തി. പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യയും കളിക്കുന്നില്ല. പകരം റിങ്കു സിംഗ് പ്ലേയിംഗ് ഇലവനില്‍ ഇടം നേടി. ഏഷ്യ കപ്പിന്റെ 17 എഡിഷനുകളില്‍ ഇതാദ്യമായിട്ടാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടുന്നത്.

ഇന്ത്യന്‍ ടീം: അഭിഷേക് ശര്‍മ്മ, ശുബ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, സഞ്ജു സാംസണ്‍, ശിവം ദൂബെ, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി

പാകിസ്ഥാന്‍ ടീം: ഷഹിബ്‌സദാ ഫര്‍ഹാന്‍, ഫഖര്‍ സമന്‍, സയീം അയൂബ്, സല്‍മാന്‍ അലി ആഗ, ഹുസൈന്‍ തലാത്ത്, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്