ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദത്തിന് സാദ്ധ്യത,​ ഇന്നും നാളെയും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

Sunday 28 September 2025 7:50 PM IST

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദത്തിന് സാദ്ധ്യത. തെക്കൻ ചൈനാക്കടലിലെ ചുഴലിക്കാറ്റ് ദുർബലമായി ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ച് പുതിയ ന്യൂനമർദ്ദമായി മാറുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മഹാരാഷ്ട്രക്ക് മുകളിലുള്ള ശക്തി കൂടിയ ന്യൂനമർദ്ദം ചൊവ്വാഴ്ച വരെ തെക്കൻ ഗുജറാത്ത് വഴി സഞ്ചരിച്ചു ബുധനാഴ്ചയോടെ ന്യൂനമർദ്ദമായി അറബിക്കടലിൽ പ്രവേശിക്കും. രണ്ടു ന്യൂനമർദ്ദവും ( അറബിക്കടൽ, ബംഗാൾ ഉൾക്കടൽ ) കേരളത്തെ കാര്യമായി ബാധിക്കില്ല. എങ്കിലും നിലവിലെ മഴ ഇന്നും നാളെയും ഇടവേളകളോട് കൂടി എല്ലാ ജില്ലകളിലും പെയ്യാൻ സാദ്ധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചുമധ്യ, വടക്കൻ ജില്ലകളിൽ കൂടുതൽ മേഖലയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു

ശക്തമായ മഴ കണക്കിലെടുത്ത് വടക്കൻ കേരളത്തിൽ ഇന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജാഗ്രതയുടെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാദ്ധ്യതാ പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

28/09/2025 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.