ഗണേഷ് കുമാറിന്റെ പുതിയ പരിഷ്കാരം, ബസ് സ്റ്റേഷനുകൾ മാറുന്നു, എട്ടെണ്ണത്തിന്റെ നവീകരണത്തിന് 120 കോടിയുടെ പദ്ധതി
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ബസ് സ്റ്റേഷനുകളുടെ വികസനത്തിന് സർക്കാർ 120 കോടി രൂപ വകയിരുത്തിയതായി മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. കൊട്ടാരക്കര, കായംകുളം, തൃശ്ശൂർ, കൊല്ലം, ആറ്റിങ്ങൽ, എറണാകുളം, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നീ സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തികൾ ഉടനെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുനലൂരിൽ പുതിയ സർവീസുകളുടെ ഉദ്‌ഘാടനവും ഡിപ്പോയുടെ നവീകരണ പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു മന്ത്രി,
കെ.എസ്.ആർ.ടി.സിയിലെ പ്രതിദിനയാത്രക്കാരുടെ എണ്ണം ഒരു ലക്ഷമായി വർദ്ധിക്കുകയും ചരിത്രത്തിലാദ്യമായി 1.19 കോടി രൂപ വരുമാനവും ലഭിച്ചെന്ന് ഗണേഷ് കുമാർ പറഞ്ഞു പുനലൂർ, ആര്യങ്കാവ്, കുളത്തൂപ്പുഴ എന്നീ ഡിപ്പോകളിൽ കമ്പ്യൂട്ടറൈസേഷൻ നടപ്പാക്കാൻ ഭരണാനുമതിയായി. പുനലൂരിലെ മലയോര പ്രദേശങ്ങളിലേക്ക് സർക്കുലർ സർവീസ് ഏർപ്പെടുത്തി; വിജയമായാൽ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. കിഴക്കൻ മലയോര പ്രദേശങ്ങളിലും തീരപ്രദേശത്തുമുള്ള യാത്രക്കാർക്ക് കൂടുതൽ മിനി ബസ് സർവീസ് ഏർപ്പെടുത്തും. ജീവനക്കാർക്കായി ഒരു കോടി രൂപയുടെ ഇൻഷുറൻസ് പദ്ധതി നടപ്പാക്കി. ട്രാവൽ കാർഡ് പദ്ധതിയുടെ ഭാഗമായി അഞ്ചു ലക്ഷം കാർഡുകൾ പുറത്തിറക്കും. ഡിപ്പോകളിലെ പ്രവർത്തനം മെച്ചപ്പെടുത്താനും സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാനും സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കും; ജീവനക്കാർക്ക് ശീതീകരിച്ച വിശ്രമ മുറികൾ ഒരുക്കി. പുതുതായി ആരംഭിച്ച പല സർവീസുകൾക്കും മികച്ച പ്രതികരണം ലഭിക്കുകയാണ്. മൂന്നാറിൽ തുടങ്ങിയ ഡബിൾ ഡെക്കർ ബസ് സർവീസിലൂടെ കെ എസ് ആർ ടി സിക്ക് ലഭിക്കുന്ന പ്രതിദിന ലാഭം 48,000 രൂപയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പുനലൂർ- കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് സർവീസ്, പുനലൂർ ടൗൺ സർക്കിൾ സർവീസ്, പുനലൂർ മൂന്നാർ ഫാസ്റ്റ് പാസഞ്ചർ സർവീസ്, കുളത്തൂപ്പുഴ ആര്യങ്കാവ് ഡിപ്പോകളിൽ നിന്ന് തുടങ്ങുന്ന പ്രാദേശിക സർവീസുകൾ എന്നിവയാണ് പുതുതായി ആരംഭിക്കുന്ന സർവീസുകൾ. പി.എസ് സുപാൽ എം.എൽ.എ അദ്ധ്യക്ഷനായി.
പുനലൂർ നഗരസഭ ചെയർപേഴ്സൺ കെ പുഷ്പലത, വൈസ് ചെയർപേഴ്സൺ രഞ്ജിത്ത് രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ എൻ കോമളകുമാർ, വികസന സമിതി അംഗങ്ങളായ പ്രിയ പിള്ള, പി.എ. അനസ്, വസന്ത രാജൻ, കനകമ്മ, ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി അജിത്ത്, വൈസ് പ്രസിഡന്റ് രാജി, പഞ്ചായത്ത് അംഗങ്ങളായ ആർ മഞ്ജു, ഡോൺ പി. രാജ്, പുനലൂർ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ ബി എസ് ഷിജു, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.