ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ നവീകരണം അവസാനഘട്ടത്തിൽ
ഒറ്റപ്പാലം: ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നവീകരണ പ്രവൃത്തികൾ അന്തിമഘട്ടത്തിൽ. അടിസ്ഥാന സൗകര്യ വികസനവും സൗന്ദര്യവത്കരണവും പൂർത്തിയാകുന്നതോടെ റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായതന്നെ മാറും. അമൃത് ഭാരത് പദ്ധതിയിൽ അനുവദിച്ച 10.76 കോടി രൂപ ചെലവിട്ടുള്ള പ്രവൃത്തികളാണ് പുരോഗമിക്കുന്നത്.
2023 നവംബറിൽ ആരംഭിച്ച് നവീകരണം 2024 ഫെബ്രുവരിയിൽ പൂർത്തിയാക്കാനാണ് ആദ്യം ലക്ഷ്യമിട്ടത്. സാങ്കേതിക കാരണങ്ങളാൽ നിർമ്മാണ പ്രവൃത്തികൾ ഇടയ്ക്ക് നിലയ്ക്കുകയും വേഗക്കുറവും തിരിച്ചടിയായി. തുടർന്ന് പദ്ധതിയുടെ കാലാവധി ദീർഘിപ്പിക്കുകയായിരുന്നു.
റെയിൽവേ സ്റ്റേഷന്റെ പ്രവേശന കവാടം മോടിപിടിപ്പിക്കൽ, പ്ലാറ്റ്‌ഫോമുകളിലെ മേൽക്കൂര നിർമ്മാണം, പാർക്കിംഗ് കേന്ദ്രങ്ങൾ യാഥാർത്ഥ്യമാക്കൽ, റോഡ് നവീകരണം, ആധുനിക ശൗച്യാലയങ്ങളോടുകൂടിയ പുരുഷ - വനിത കാത്തിരിപ്പുമുറികൾ, മെച്ചപ്പെട്ട ലൈറ്റിംഗ് സംവിധാനം, യാത്രക്കാർക്ക് വിവരങ്ങൾ അറിയാനുള്ള സംവിധാനം, കുടിവെള്ള സംവിധാനം തുടങ്ങിയവ ഉൾപ്പെട്ടതാണ് പദ്ധതി. നേരത്തെയുണ്ടായിരുന്ന പാർക്കിംഗ് കേന്ദ്രം വിപുലീകരിക്കുകയും രണ്ട് പുതിയ കേന്ദ്രങ്ങൾ കൂടി നിർമ്മിക്കുകയും ചെയ്തു. ഇവിടങ്ങളിൽ നിലം ഇന്റർലോക്ക് ചെയ്തും വിളക്കുകൾ സ്ഥാപിച്ചും മനോഹരമാക്കി.
ഒന്നാം നമ്പർ പ്ലാറ്റ് ഫോം നവീകരിക്കുകയും മേൽക്കൂര സ്ഥാപിക്കുകയും ചെയ്തു. ഇരിപ്പിടങ്ങളും ഫാനുകളും പുതിയവ സ്ഥാപിച്ചു. സ്റ്റേഷനിൽ ശീതികരിച്ച കാത്തിരിപ്പുകേന്ദ്രം സജ്ജീകരിച്ചു. ടിക്കറ്റ് കൗണ്ടറുകൾ നവീനരീതിയിലാക്കി.
സ്റ്റേഷൻ പ്രവേശന കവാടത്തിന് പുതിയ മുഖമായി. ഒറ്റപ്പാലം സ്റ്റേഷനോട് റെയിൽവേയുടെ അവഗണനകളെക്കുറിച്ച് നിരന്തരം പരാതികൾ പതിവാണ്. അടിസ്ഥാന സൗകര്യക്കുറവും ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാത്തതുമാണ് മുഖ്യ പരാതി. സ്റ്റേഷൻ നവീകരണത്തോടെ പരാതികൾക്ക് തൽക്കാലത്തേക്ക് അറുതിയാകുമെന്നാണ് പ്രതീക്ഷ.