എഫ്.ഡി.എ അവാർഡുകളിൽ തിളങ്ങി ഓട്ടോബാൻ

Monday 29 September 2025 12:55 AM IST

കൊച്ചി: കൊച്ചി ആസ്ഥാനമായ ഓട്ടോമോട്ടീവ് റീട്ടെയിൽ, സേവന പ്ലാറ്റ്‌ഫോമും രാജ്യത്തെ ഒന്നാമത് ഭാരത്‌ബെൻസ് പങ്കാളിയുമായ ഓട്ടോബാൻ കോർപ്പറേഷൻ, ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (എഫ്.ഡി.എ) അവാർഡുകളിൽ മൂന്നെണ്ണം കരസ്ഥമാക്കി. ഡീലർ ഒഫ് ദി ഇയർ അവാർഡ് തുടർച്ചയായ രണ്ടാം വർഷമാണ് നേടുന്നത്.

രാജ്യവ്യാപകമായ സാന്നിദ്ധ്യം, വ്യാപ്തി, ഉപഭോക്തൃ ബന്ധം എന്നിവയ്ക്ക് ലഭിച്ച അംഗീകാരമാണ് ബിഗ് ഡീലർ അവാർഡ്. വാണിജ്യ വാഹന വിഭാഗത്തിൽ മികച്ച ഡീലർ അവാർഡ് നേടിയത് ആറാം തവണയാണ്. ഉപഭോക്തൃ സേവനം, പ്രവർത്തന മികവ്, സുസ്ഥിര വളർച്ച എന്നിവയ്ക്കുള്ള അംഗീകാരമാണ് അവാർഡെന്ന് ഓട്ടോബാൻ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഫർസാദ് കുലത്ത് പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങൾ, പുതിയ പ്രദേശങ്ങൾ, ഡിജിറ്റൽ സേവനങ്ങൾ എന്നിവയിലേക്ക് വികസിക്കുമ്പോൾ ഉപഭോക്താക്കൾക്കും ജീവനക്കാർക്കും നിക്ഷേപകർക്കും ഒരുപോലെ ദീർഘകാലമൂല്യം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.