'തോട്ടംമേഖല കൂടുതൽ മത്സരക്ഷമമാകണം'

Monday 29 September 2025 1:59 AM IST

കൊച്ചി: തോട്ടം മേഖല കൂടുതൽ മത്സരക്ഷമമാകണമെന്നും ഉപഭോക്തൃ താത്പര്യത്തിനനുസൃതമായി സുസ്ഥിരതയും ഗുണമേൻമയും ഉറപ്പാക്കണമെന്നും ഉപാസി പ്രസിഡന്റ് അജോയ് തിപ്പയ്യ. അസോസിയേഷൻ ഒഫ് പ്ലാന്റേഴ്‌സ് ഒഫ് കേരളയുടെ (എ.പി.കെ) വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവര സങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനവും വർദ്ധിച്ചുവരുന്ന ചെലവുകളും വിപണിയിലെ ചാഞ്ചാട്ടവും തോട്ടം മേഖലയ്ക്ക് കനത്ത വെല്ലുവിളിയാണെന്ന് എ.പി.കെ ചെയർമാൻ പ്രിൻസ് തോമസ് ജോർജ് പറഞ്ഞു. തേയില ഉത്പാദനം 8.42% കുറഞ്ഞ് 58.38 ദശലക്ഷം കിലോഗ്രാമായി. ഉത്പാദനക്ഷമത ഹെക്ടറിന് 1,636 കിലോഗ്രാമായി കുറഞ്ഞു. ഇത് ദേശീയ ശരാശരിയേക്കാൾ വളരെ താഴെയാണ്. 2025ന്റെ തുടക്കത്തിൽ മെച്ചപ്പെട്ട മഴ ലഭിച്ചതോടെ തോട്ടങ്ങൾ സജീവമായെന്നും അദ്ദേഹം പറഞ്ഞു.

ഏലം ഉത്പാദനം 20% കുറഞ്ഞ് 18,310 ടണ്ണായെങ്കിലും വില കിലോയ്ക്ക് 2,627 രൂപയായി ഉയർന്നത് ആശാവഹമാണ്. കാപ്പി ഉത്പാദനം അൽപ്പം വർധിച്ച് 72,825 മെട്രിക് ടൺ ആയെങ്കിലും ദേശീയ ഉത്പാദനത്തിൽ കേരളത്തിന്റെ വിഹിതം കുറയുന്നത് മത്സരക്ഷമത നിലനിർത്തേണ്ടതിന്റെ ആവശ്യകതയെ ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയുക്ത ചെയർമാൻ ടി.ആർ. രാധാകൃഷ്ണൻ, സെക്രട്ടറി ബി.കെ.അജിത് എന്നിവർ സംസാരിച്ചു.