വില താഴേക്ക് സമരത്തിനൊരുങ്ങി റബർ ഉത്പാദക സംഘ കൂട്ടായ്മ

Monday 29 September 2025 2:12 AM IST

കോട്ടയം: റബറിന് അന്താരാഷ്ട്ര വില കുറഞ്ഞതോടെ ആഭ്യന്തര വിലയും ഇടിഞ്ഞു. ടയർ കമ്പനികൾക്കു വേണ്ടി ഇടനിലക്കാരാണ് വില കുറച്ചതെന്ന് വ്യാപാരികൾ പറയുന്നു. വില്പനയ്ക്ക് ഷീറ്റ് വരവ് കുറവായിരുന്നു. മഴ വീണ്ടും സജീവമായതും ഇല കൊഴിച്ചിലും ടാപ്പിംഗിനെ ബാധിച്ചു. ആ‌ർ.എസ്.എസ് ഫോർ റബർ ബോർഡ് വില 188 രൂപയും വ്യാപാരി വില 180 രൂപയുമാണ്. ബാങ്കോക്ക് ആർ.എസ്.എസ് ഫോർ വില 183 രൂപ.

റബർ വില ഇടിയുന്ന സാഹചര്യത്തിൽ വില്പനക്ക് റബർ എത്തിക്കാതെ വിപണിയിൽ നിന്ന് വിട്ടുനിന്നുള്ള സമരത്തിനൊരുങ്ങുകയാണ് റബർ ഉത്പാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മ.

റബറിന്റെ അടിസ്ഥാന വില 250 രൂപയാക്കുമെന്ന് രണ്ടാം പിണറായി സ‍ർക്കാരിന്റെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു. റബറിന് വില ഇടിഞ്ഞിട്ടും ഇതുവരെ ആ വാഗ്ദാനം നടപ്പിലാക്കാൻ സ‍ർക്കാർ മുന്നോട്ട് വന്നില്ലെന്നതാണ് ക‍ർഷകരെ ചൊടിപ്പിക്കുന്നത്. കൂടാതെ,​ റബർ ക‍ർഷക‍ർക്ക് ആവശ്യമായ ധനസഹായം നൽകണമെന്നും ആവശ്യമുണ്ട്.

റബർ വില സ്ഥിരതാ പദ്ധതിയിൽ അടിസ്ഥാന വില 250 രൂപയാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കണം. റബർ റീ പ്ലാന്റിന് 5 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് 'വിലയില്ലെങ്കിൽ റബറില്ല' എന്ന മുദ്രാവാക്യവുമായി ഒക്ടോബർ 8ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും

എബ്രഹാം വർഗീസ് കാപ്പിൽ

ദേശീയ പ്രസിഡന്റ് എൻ.സി.ആർ.പി .എസ്

അന്താരാഷ്ട്ര വില ( കിലോയ്ക്ക്)​

ചൈന -182രൂപ

ടോക്കിയോ -190 രൂപ

ബാങ്കോക്ക് -183 രൂപ

വിപണിയിൽ നിന്ന് പിന്നോട്ടടിച്ച്

കുരുമുളക് ക‍‍ർഷകരും

കിലോക്ക് 700 രൂപ കടന്ന കുരുമുളക് വില താഴ്ന്നതോടെ വിപണിയിൽ നിന്ന് കർഷകരും വിട്ടു നിന്നു. നവരാത്രി,​ ദീപാവലി ആഘോഷമെത്തിയിട്ടും ഉത്തരേന്ത്യൻ ഡിമാൻഡ് കുറഞ്ഞതാണ് വില ഉയരാത്തതിന് പ്രധാന കാരണം. ജി.എസ്.ടി വെട്ടിച്ചുള്ള കച്ചവടത്തിന് കേരളത്തിലെ വ്യാപാരികൾ തയ്യാറല്ലാത്തതിനാൽ തമിഴ്നാട്,​ കർണാടക മേഖലകളിൽ നിന്ന് കുരുമുളക് വാങ്ങാനാണ് ഉത്തരേന്ത്യൻ വ്യാപാരികൾ കൂടുതൽ താത്പര്യം കാണിക്കുന്നത്. ഇറക്കുമതി കുരുമുളക് വ്യാപകമായി സ്റ്റോക്കുള്ളതും വില ഇടിവിന് കാരണമായി.

കയറ്റുമതി നിരക്ക് (ഒരു ടണ്ണിന്)​

ഇന്ത്യ -8100 ഡോളർ

ശ്രീലങ്ക -7300 ഡോളർ

വിയറ്റ് നാം - 6500 ഡോളർ

ബ്രസീൽ - 6200 ഡോളർ

ഇന്തോനേഷ്യ - 7200 ഡോളർ