ജി.എസ്.ടി കുറഞ്ഞില്ല കടകളിൽ തർക്കം

Sunday 28 September 2025 11:30 PM IST

പത്തനംതിട്ട: പുതുക്കിയ ജി.എസ്.ടി നിരക്കുകൾ നിലവിൽ വന്ന് ഒരാഴ്ച പിന്നിട്ടിട്ടും ചില്ലറ വ്യാപാര മേഖലയിൽ വില കുറഞ്ഞില്ല. ഇത് സാധാനങ്ങൾ വാങ്ങാനെത്തുന്നവരും വ്യാപാരികളും തമ്മിൽ തർക്കങ്ങൾക്ക് കാരണമാകുന്നു.

ചില്ലറ വ്യപാര സ്ഥാപനങ്ങളിൽ ജി.എസ്.ടി നിരക്കുകൾ കുറയ്ക്കുന്നതിന് മുമ്പെടുത്ത സ്റ്റോക്കുകളാണ് ഇരിക്കുന്നത്. കൂടിയ ജി.എസ്. ടി കൊടുത്ത് മൊത്തവ്യാപാരികളിൽ നിന്ന് എടുത്ത സാധനങ്ങൾ വില കുറച്ച് വിറ്റാൽ തങ്ങൾക്ക് വലിയ നഷ്ടമുണ്ടാകുമെന്നാണ് ചെറുകിട വ്യാപാരികൾ പറയുന്നത്. ജി.എസ്.ടി കുറച്ച് മൊത്ത വിതരണക്കാർ സാധനങ്ങൾ തരുമ്പോൾ മാത്രമേ വില കുറയ്ക്കാൻ കഴിയൂ. അതേസമയം, ജി.എസ്.ടി നിരക്ക് കുറച്ച് ഒരാഴ്ച പിന്നിട്ടിട്ടും വില കുറയ്ക്കാത്തത് വ്യാപാരികൾ തമ്മിലുള്ള ഒത്തുകളിയാണെന്ന് ഉപഭോക്താക്കൾ പറയുന്നു. ബേക്കറി, പാൽ ഉത്പന്ന വിപണന കേന്ദ്രങ്ങളിലാണ് തർക്കങ്ങൾ നിലനിൽക്കുന്നത്. എം.ആർ.പിയിൽ നിന്ന് ജി.എസ്.ടി കുറയ്ക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നുണ്ട്.

ജി.എസ്.ടി കുറച്ചതിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് കിട്ടാതിരിക്കാൻ മൊത്തക്കച്ചവടക്കാർ സാധന വിലഉയർത്തുന്നതായി പരാതികളുണ്ട്. ബേക്കറി ഉത്പന്നങ്ങൾക്കും പലവ്യഞ്ജന സാധനങ്ങൾക്കും ഇത്തരത്തിൽ വില കൂട്ടിയിട്ടുണ്ട്. വില കൂട്ടാതിരിക്കാൻ അധികൃതർ വിപണിയിൽ ഇടപെടുന്നില്ലെന്നും ആക്ഷേപം ശക്തമാണ്.

@ സൂപ്പർ മാർക്കറ്റുകളിൽ തിരക്കേറി

1 ജി.എസ്.ടി നിരക്കുകൾ കുറച്ചാണ് സൂപ്പർ മാർക്കറ്റുകളിലെ സാധന വില്പന. ഇത് ചെറുകിട കച്ചവടക്കാരെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. ഒക്ടോബർ മാസത്തോടെ ചില്ലറ കേന്ദ്രങ്ങളിൽ വില കുറയുമെന്നാണ് പ്രതീക്ഷ.

2 ജില്ലയിൽ ജി.എസ്.ടി രജിസ്ട്രേഷനുള്ള ചെറുകിട വ്യാപാരികൾ കുറവാണ്. പല കച്ചവട സ്ഥാപനങ്ങൾക്കും സാധനങ്ങൾ വാങ്ങുമ്പോൾ ബില്ല് നൽകാറില്ല. ബില്ല് ചോദിക്കുന്നത് തർക്കങ്ങൾക്കു കാരണമാകും.

3. ഗ്രാമീണ മേഖലകളിൽ കച്ചവടക്കാരും സാധാനങ്ങൾ വാങ്ങാനെത്തുന്നവരും പരിചയക്കാരും സുഹൃത്തുക്കളുമായിരിക്കും. ഇതുകാരണം ബില്ലുകൾ ചോദിച്ചുവാങ്ങാൻ പലരും താൽപ്പര്യപ്പെടുന്നുമില്ല. ഫലത്തിൽ ജി.എസ്.ടി നിരക്കുകൾ കുറഞ്ഞതിനെ തുടർന്ന് വില കുറഞ്ഞതിന്റെ ആനുകൂല്യം സാധാരണക്കാർക്കു ലഭിക്കാതെ വരും.

ചെറുകിട സ്ഥാപനങ്ങളിൽ സ്റ്റോക്ക് ഇരിക്കുന്നതിന്റെ നികുതി കുറച്ചാൽ വ്യാപാരികൾക്ക് വലിയ നഷ്ടമുണ്ടാകും. ഇത് പരിഹരിക്കുന്നതിന് വേണ്ടി പ്രത്യേക പാക്കേജ് അനുവദിക്കണം.

പ്രസാദ് ജോൺ മാമ്പ്ര, ജില്ലാ പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി