മലയോര മേഖലയിൽ തലവേദനയായി തേക്കിലപ്പുഴു

Sunday 28 September 2025 11:35 PM IST

കോന്നി: കോന്നി - തണ്ണി​ത്തോ​ട് റോ​ഡി​ലും കോന്നി -ക​ല്ലേ​ലി റോ​ഡി​ലും തേ​ക്കി​ലപ്പുഴു (ഇലതീനിപ്പുഴു)​ യാ​ത്ര​ക്കാ​ർ​ക്ക് ശല്യമാകുന്നു. റോ​ഡി​ന് ഇ​രു​വ​ശവുമുള്ള വനംവകുപ്പിന്റെ തേക്ക് പ്ളാന്റേഷനിലെ മരങ്ങളിൽ നിന്നാണ് പു​ഴു​ക്ക​ൾ ചി​ല​ന്തി​വ​ല​ക​ൾ പോ​ലെ​യു​ള്ള നൂ​ലു​ക​ളി​ൽ കൂ​ടി റോ​ഡി​ലേ​ക്ക് ഊ​ർ​ന്നി​റ​ങ്ങു​ന്ന​ത്. രാ​വി​ലെ മ​ഞ്ഞു​ള്ളപ്പോൾ റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന ഇ​ത്ത​രം പു​ഴു​ക്ക​ൾ ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ ശ​രീ​ര​ത്തേ​ക്കാ​ണ് വീ​ഴു​ക. ഇ​തി​ന്റെ രോ​മ​ങ്ങ​ൾ ദേ​ഹ​ത്ത് സ്പ​ർ​ശി​ച്ചാ​ൽ അ​സ​ഹ​നീ​യ​മാ​യ ചൊ​റി​ച്ചി​ലാ​യി​രി​ക്കും. നൂ​റു​ക​ണ​ക്കി​ന് പു​ഴു​ക്ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത്. വ​സ്ത്ര​ങ്ങ​ളി​ൽ പ​റ്റി​പി​ടി​ച്ചി​രി​ക്കു​ന്ന പു​ഴു​ക്ക​ൾ ആ​ളു​ക​ൾ യാ​ത്ര ചെ​യ്യു​ന്ന​ത് വ​ഴി മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ക്കു​ന്നു. പുഴുക്കൾ അലർജിക്കും കാരണമാകും.

വാഹനങ്ങളുടെ ഗ്ലാ​സു​ക​ളി​ൽ വീ​ഴു​ന്ന പു​ഴു​ക്ക​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന ഒ​രുത​രം സ്ര​വം വാ​ഹ​ന​ത്തി​ന്റെ മു​ൻഭാ​ഗ​ത്തെ ഗ്ലാ​സി​ന് മ​ങ്ങ​ലേ​ൽ​പ്പി​ക്കും. മ​ഞ്ഞനി​റ​ത്തി​ൽ ക​റു​ത്ത പു​ള്ളി​ക​ളോ​ടെ കാ​ണ​പ്പെ​ടു​ന്ന പു​ഴു​വി​ന്റെ ഭ​ക്ഷ​ണം പ്ര​ധാ​ന​മാ​യും തേ​ക്കി​ന്റെ ഇ​ല​ക​ളാ​ണ്. തേ​ക്കി​ന്റെ ഇ​ല​ക​ളി​ൽ മു​ട്ട​യി​ട്ട് വി​രി​യു​ന്ന പു​ഴു ആ​ദ്യ​ത്തെ പ​തി​ന​ഞ്ച് ദി​വ​സം കൊ​ണ്ടുത​ന്നെ ഇ​ല​ക​ളി​ലെ ഹ​രി​ത​കം തി​ന്നു​തീ​ർ​ക്കും. ഇ​ത് തേ​ക്ക് മ​ര​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്. ഇ​തി​നെ തു​ട​ർ​ന്ന് പീ​ച്ചി വ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ ഇ​ത്ത​രം പു​ഴു​ക്ക​ളെ ന​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള ജൈ​വകീ​ട​ത്തെ വി​ക​സി​പ്പി​ച്ചെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ ഇ​ത്​ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ വ​നം വ​കു​പ്പി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല.

വനംവകുപ്പിന് നഷ്ടം

ഇലതീനിപ്പുഴുമൂലം വനംവകുപ്പിന് വൻനഷ്ടമാണ് ഉണ്ടാകുന്നത്. തേക്കിന്റെ തളിരിലകൾ ഇവ തിന്നുനശിപ്പിക്കുന്നത് മൂലം മരത്തിന്റെ വളർച്ച 44ശതമാനത്തോളം മുരടിക്കുമെന്നാണ് കണ്ടെത്തൽ. ഹിബ്ളിയ പ്യൂറ (ഡിഫോളിയേറ്റർ)​,​ യു ടെക്ടോണ മെക്കറാലിസ് (സ്കെൽടനൈസർ)​ എന്നിങ്ങനെ രണ്ടുതരം പുഴുക്കളാണ് ഇല നശിപ്പിക്കുന്നത്. ഇല തളിരിടുമ്പോൾ തന്നെ പുഴുശല്യം തുടങ്ങും.