കുഞ്ഞു ഹൃദയങ്ങൾക്ക് കാവലായി ഹൃദ്യം, എട്ടു വർഷത്തിനിടെ രജിസ്ട്രേഷൻ കാൽ ലക്ഷം പിന്നിട്ടു

Monday 29 September 2025 12:00 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് എട്ടു വർഷത്തിനിടെ ഹൃദ്രോഗം റിപ്പോർട്ട് ചെയ്തത് കാൽ ലക്ഷത്തിലധികം കുഞ്ഞുങ്ങളിൽ. സർക്കാരിന്റെ സൗജന്യ ഹൃദ്രോഗ ചികിത്സാ പദ്ധതിയായ ഹൃദ്യത്തിൽ രജിസ്റ്റർ ചെയ്തവരുടെ കണക്കാണിത്.

നവജാത ശിശുക്കൾ മുതൽ 18 വയസു വരെയുള്ള 25,875 പേരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 16,349 പേർ ഒരു വയസിന് താഴെയുള്ളവർ. 8478 പേരുടെ ശസ്ത്രക്രിയ പൂർത്തിയാക്കി. മറ്റുള്ളവർ ചികിത്സയിലും,ശസ്ത്രക്രിയ്ക്കുള്ള തയ്യാറെടുപ്പിലും. സർക്കാർ,സ്വകാര്യ മേഖലയിലെ ഏട്ട് ആശുപത്രികളാണ് ഹൃദ്യത്തിൽ എംപാനൽ ചെയ്തിട്ടുള്ളത്. 60:40 അനുപാതത്തിൽ കേന്ദ്രവും സംസ്ഥാനവും ചെലവ് വഹിക്കുന്ന പദ്ധതിയിലൂടെ പരിധിയില്ലാത്ത സഹായം ലഭിക്കും.

2017 ഓഗസ്റ്റിലാണ് പദ്ധതിയാരംഭിച്ചത്. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന എല്ലാ കുട്ടികളെയും പരിശോധനയ്ക്ക് വിധേയമാക്കുന്നു. ആശുപത്രി അധികൃതർക്കും കുട്ടിയുടെ മാതാപിതാക്കൾക്കും രജിസ്റ്റർ ചെയ്യാം. സ്വകാര്യ ആശുപത്രിയിൽ ജനിച്ചാലും ഹൃദ്രോഗം കണ്ടെത്തിയാൽ രജിസ്റ്റർ ചെയ്യാം. പ്രതിരോധ കുത്തിവയ്പ്പിന്റെ ഘട്ടത്തിലും സ്ക്രീനീംഗ്.

3200 കുട്ടികൾ

ഹൃദ്രോഗികൾ

പ്രതിവർഷം ജനിക്കുന്നതിൽ ഹൃദ്രോഗമുള്ളത് ശരാശരി 3200കുട്ടികൾക്ക്.

അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടികൾ 1100.

ഗുരുതരാവസ്ഥയെങ്കിൽ 24മണിക്കൂറിനകം വിദഗ്ദ്ധ ചികിത്സ .

അപകടാവസ്ഥയിലെങ്കിൽ സൗജന്യ ഐ.സി.യു ആംബുലൻസ് .

ഹൃദ്യത്തെ കുറിച്ചറിയാൻ ദിശ ഹെൽപ്പ് ലൈൻ: 1056 / 0471 2552056.

കൈവിട്ടത്

ശ്രീചിത്ര

ഹൃദ്യത്തെ കൈ വിട്ട് കേന്ദ്ര സർക്കാർ സ്ഥാപനമായ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്. സംസ്ഥാന വിഹിതം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി പദ്ധതിയിൽ നിന്ന് പിൻമാറുകയായിരുന്നു. ശ്രീചിത്രയ്ക്ക് നൽകാനുണ്ടായിരുന്ന 32 ലക്ഷം രൂപയും നടത്തിപ്പ് ചുമതലയുള്ള എൻ.എച്ച്.എം നൽകിയിട്ടും

ഫലമില്ല.

കോട്ടയം,കോഴിക്കോട് ഗവ.മെഡിക്കൽ കോളേജുകൾ, തിരുവനന്തപുരം എസ്.എ.ടി, കൊച്ചി അമൃത,ആസ്റ്റർ മെഡിസിറ്റി, ലിസി ഹോസ്‌പിറ്റൽ,ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ്,ആസ്റ്റർ മിംസ് എന്നിവ ഹൃദ്യത്തിന്റെ ഭാഗമാണ്. തിരുവനന്തപുരം കിംസ്,കോഴിക്കോട് മെട്രോ,എറണാകുളും ജനറൽ ആശുപത്രി എന്നിവയെ എംപാനൽ ചെയ്യിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

'ശിശു മരണങ്ങൾ കുറയ്ക്കുന്നതിലും കുട്ടികളിലെ ഹൃദയാരോഗ്യം ഉറപ്പാക്കുന്നതിലും ഹൃദ്യത്തിന് വലിയ പങ്കുണ്ട്.'

-ഡോ.രാഹുൽ.യു.ആർ

നോഡൽ ഓഫീസർ