രാജഹംസിലെ ലേഖനം: ഗവർണറുടെ മുന്നിൽ വിയോജിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം :രാജ്ഭവന്റെ ത്രൈമാസികയായ രാജഹംസിലെ ലേഖനത്തിൽ
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ സാന്നിദ്ധ്യത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചും സർക്കാർ നിലപാട് വിശദീകരിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്ഭവനിൽ
രാജഹംസിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സർക്കാരും ഗവർണറും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ ഐക്യത്തിന്റെ പാതയിലേക്ക് നീങ്ങുന്നതിന്റെ സൂചനയായിരുന്നു പരിപാടി. അപ്രതീക്ഷിതമായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ വിയോജിപ്പ്. രാജഹംസിന്റെ ആദ്യ കോപ്പി ശശി തരൂർ എം.പിക്ക് നൽകിയായിരുന്നു പ്രകാശനം .ഗവർണറുടെയും നിയമസഭയുടെയും അധികാരങ്ങൾ പ്രതിപാദിക്കുന്ന ലേഖനത്തോടാണ് മുഖ്യമന്ത്രി വിയോജിച്ചത്.
ഗവർണറുടെ നിയമോപദേഷ്ടാവ് അഡ്വ.ശ്രീകുമാറിന്റേതാണ് ലേഖനം . ഇത് രാജ്ഭവന്റെ ഔദ്യോഗിക ജേർണലിലായതിനാൽ അതെല്ലാം സർക്കാർ പങ്കിടുന്നുവെന്ന് കരുതേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ഗവർണറുടെയും,
നിയമസഭയുടെയും അധികാരങ്ങളിൽ ലേഖകൻ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ സർക്കാരിന്റേതല്ല. ലേഖകന്റെ അഭിപ്രായമാവാം. വിരുദ്ധ അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സർക്കാരിന്റേത്.. വിയോജനാഭിപ്രായങ്ങൾ അനുവദിക്കണോ കഴുത്തു ഞെരിച്ചു കൊല്ലണോ എന്ന പ്രശ്നത്തിൽ ആദ്യത്തേതാണ് സർക്കാരിന്റെ നിലപാട്. വിയോജന, വിരുദ്ധ അഭിപ്രായങ്ങളെയും അനുവദിക്കുന്ന പൊതുജനാധിപത്യ മണ്ഡലം നവോത്ഥാന പൈതൃകമായി കേരളത്തിന് ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിയോജിപ്പ് ഏറ്റുപിടിക്കാൻ ഗവർണർ തയ്യാറായില്ല. അതിഥികളായ മുഖ്യമന്ത്രിയുടെയും ശശി തരൂരിന്റെയും കാര്യശേഷിയുൾപ്പെടെ പ്രകീർത്തിച്ചാണ് ഗവർണർ പ്രസംഗിച്ചത്. ബ്രിട്ടീഷ് കോളോണിയലിസ്റ്റ് ചിന്തകളെ തച്ചുടച്ച് രാജ്ഭവനുകളെ ലോക്‌ഭവനുകളാക്കുന്നതിനുള്ള ചുവടുവയ്പ്പാണ് രാജഹംസ് മാസികയെന്നും ഗവർണർ പറഞ്ഞു.
എൻ.ഐ.ആർ.എഫ് റാങ്ക് നേടിയ കേരള സർവകലാശാല വിസി ഡോ. മോഹനൻ കുന്നുമ്മൽ, കുസാറ്റ് വിസി ഡോ. ജുനൈദ് ബുഷ്രി എന്നിവരെ ഗവർണർ ആദരിച്ചു. ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ദേവേന്ദ്രകുമാർ ദൊദാവത്, ഹരി.എസ്.കർത്ത എന്നിവർ സംസാരിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുൻ ഗവർണർ കുമ്മനം രാജശേഖരൻ, എം.ജി സർവകലാശാല വി.സി ഡോ.സി.ടി അരവിന്ദ്കുമാർ, ഡിജിറ്റൽ യൂണിവേഴ്സിറ്റി വി.സി സിസ തോമസ്, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, സൂര്യ കൃഷ്ണമൂർത്തി, ആർക്കിടെക്ട് ജി. ശങ്കർ, പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി, ജി.സുരേഷ് കുമാർ, മേനക സുരേഷ്, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ.സഞ്ജയൻ തുടങ്ങിയവർ പങ്കെടുത്തു.
രാജ്ഭവനെ ലോക്ഭവനാക്കണമെന്ന് തരൂർ,പിന്തുണച്ച് ഗവർണർ
തിരുവനന്തപുരം: രാജ്ഭവന്റെ പേര് 'ലോക്ഭവൻ' എന്നാക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ച ശശി തരൂർ എം.പിയോട് അനുകൂലിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ.തനിക്കും ഈ അഭിപ്രായമാണെന്ന് ഗവർണർ പറഞ്ഞു.രാജ്ഭവന്റെ മാസികയായ രാജഹംസിന്റെ പ്രകാശന ചടങ്ങിലായിരുന്നു പേരുമാറ്റം ചർച്ചയായത്. രാജ്ഭവനുകൾ ജനങ്ങളിൽ നിന്ന് അകന്നുനിൽക്കുന്ന സംവിധാനമാകരുതെന്നും ജനങ്ങളുടെ സ്ഥാപനമായി മാറണമെന്നും തരൂർ ചൂണ്ടിക്കാട്ടി.രാജഹംസ് സംസ്ഥാന ഭരണത്തിനും ഭരിക്കപ്പെടുന്നവർക്കുമിടയിലെ പാലമായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്ഭവനുകൾ കോട്ടകൾ പോലെയല്ല നിലകൊള്ളേണ്ടതെന്നും പുതിയ കാലത്ത് ജനങ്ങളും രാജ്ഭവനും തമ്മിൽ 'ടു വേ ട്രാഫിക്കാണ്' വേണ്ടതെന്നും ഗവർണ്ണർ വ്യക്തമാക്കി.2022ൽ രാഷ്ട്രപതിഭവനിൽ നടന്ന ഗവർണർമാരുടെ യോഗത്തിൽ രജ്ഭവനുകൾ ലോക്ഭവനുകൾ എന്നാക്കണമെന്ന നിർദേശം താൻ മുന്നോട്ടുവെച്ചിരുന്നുവെന്നും ഗവർണർ വെളിപ്പെടുത്തി.അന്ന് താൻ ഹിമാചൽ പ്രദേശ് ഗവർണറായിരുന്നു.കൊളോണിയൽ ഭരണത്തിന്റെ അവശേഷിപ്പുകൾ അവസാനിപ്പിക്കണമെന്നതാണ് തന്റെ നിലപാടെന്നും ഗവർണർ കൂട്ടിച്ചേർത്തു.മറ്റു സംസ്ഥാനങ്ങളിൽ എവിടെയെങ്കിലും ഇത്തരത്തിൽ രാജ്ഭവന് സ്വന്തമായി ഒരു പ്രസിദ്ധീകരണമുണ്ടോയെന്ന് തനിക്ക് നിശ്ചയമില്ലെന്നും കേരളം സാക്ഷരതയാലും പ്രബുദ്ധതയാലും അടയാളപ്പെടുത്തപ്പെടുന്ന സംസ്ഥാനമായതിനാൽ മാസികയ്ക്ക് പ്രസക്തിയുണ്ടെന്നും മുഖ്യമന്ത്രിയും അഭിപ്രായപ്പെട്ടു.