നേവി ജോലി നഷ്ടമാക്കിയ വിധിയെ തോല്പിച്ച് അരവിന്ദ് പ്രൊഫസറായി
കോട്ടയം: ബൈക്കപകടത്തിൽ ഇരുകാലുകളും തളർന്ന് വീൽച്ചെയറിലായപ്പോഴാണ് അരവിന്ദിന് നേവിയിലെ ജോലി നഷ്ടമായത്. അന്നുപ്രായം 21 വയസ്. പക്ഷേ, കീഴടങ്ങിയില്ല. പരിമിതികളെ ആത്മവിശ്വാസത്തോടെ മറികടന്നു. വാശിയോടെ പഠിച്ച് എൽ.എൽ.ബിയും എൽ.എൽ.എമ്മും നെറ്റും പാസായി. 41-ാം വയസിൽ എം.ജി യൂണിവേഴ്സിറ്റി സ്കൂൾ ഒഫ് ലീഗൽ തോട്ട്സിൽ അസി. പ്രൊഫസറുമായി. കഴിഞ്ഞ ദിവസം ചുമതലയേറ്റു. ഉദ്യോഗസ്ഥയായിരുന്നു അമ്മ ഷീനയായിരുന്നു എല്ലാത്തിനും അഭയം.
2006ലെ അപകടത്തെത്തുടർന്ന് 2009ലാണ് നേവിയിൽ നിന്ന് സ്വയം വിരമിച്ചത്. അതിനിടെ പെരിന്തൽമണ്ണ മുണ്ടൂർപറമ്പ് അനശ്വരത്തിൽ ജെ. അരവിന്ദ് ഓപ്പൺ കോഴ്സിലൂടെ പ്ലസ്ടു പാസായി. ലാ അക്കാഡമിയിലായിരുന്നു നിയമപഠനം. 2013ൽ കോഴ്സ് പൂർത്തിയാക്കി സിവിൽ സർവീസ് പരിശീലനം. തന്റെ പരിമിതികൾ തിരിച്ചറിഞ്ഞ് ആ മോഹമുപേക്ഷിച്ചു.
അതിനിടെ എസ്.ബി.ഐയിൽ അസിസ്റ്റന്റ് മാനേജരായി ജോലി കിട്ടിയെങ്കിലും തുടരെയുള്ള ഇരിപ്പും ബുദ്ധിമുട്ടും അണുബാധയുണ്ടാക്കി. അതോടെ ആ ജോലിയും ഉപേക്ഷിച്ചു. തുടർന്നാണ് എൽ.എൽ.എമ്മും നെറ്റുമൊക്കെ നേടിയത്. പിന്നീട് സ്കൂൾ ഒഫ് ലീഗൽ തോട്ട്സിൽ താത്കാലിക അദ്ധ്യാപകനായി. ഈ മാസമായിരുന്നു സ്ഥിര നിയമനത്തിനുള്ള ഇന്റർവ്യൂവും നിയമനവും. അതിനിടെ ഡ്രൈവിംഗും പഠിച്ചു. ഇപ്പോൾ പിഎച്ച്.ഡി ചെയ്യുകയാണ്.
സെയിലറായത് 18-ാം വയസിൽ
പ്ലസ്ടു പൂർത്തിയാക്കുംമുമ്പ് 18-ാം വയസിലായിരുന്നു നേവിയിൽ സെയിലറായി ജോലി ലഭിച്ചത്. വിശാഖപട്ടണത്ത് ജോലി ചെയ്യുമ്പോഴായിരുന്നു ബൈക്കപകടം. 2006 ജനുവരി 11ന് അവിടത്തെ പ്രാദേശിക ഉത്സവം കണ്ട് മടങ്ങവേ ബൈക്ക് തെന്നി വീണു. കഴുത്തിലെ ഒടിവും സുഷുമ്നയുടെ ക്ഷതവും ചലിക്കാൻ പോലുമാകാതെ കിടക്കയിലാക്കി. ഏറെ ഇഷ്ടപ്പെട്ടിരുന്ന അത്‌ലറ്റിക്സും ഹാൻഡ്ബോളുമൊക്കെ അതോടെ ഉപേക്ഷിക്കേണ്ടിവന്നു. നേവിയുടെ മുംബയിലെ അശ്വിനി ആശുപത്രിയിലെ ന്യൂറോ സർജൻ ഡോ.ഖലീൽ ഐസക് മത്തായിയാണ് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്. അസി. പ്രൊഫസറായി ചുമതലയേറ്റപ്പോൾ സാക്ഷിയാകാൻ ഡോ. ഖലീലും എത്തിയിരുന്നു.
'പി.എച്ച്.ഡി പൂർത്തിയാക്കണം. ലഡാക്കിലേയ്ക്ക് കാറോടിച്ച് പോകണം".
-ജെ.അരവിന്ദ്