കെ.എ.ടി ആക്ടിംഗ് ചെയർമാൻ: അഡ്മിനിസ്ട്രേറ്റീവ് അംഗത്തെ നിയമിക്കാൻ നീക്കം
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെ.എ.ടി) ആക്ടിംഗ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് അഡ്മിനിസ്ട്രേറ്രീവ് അംഗത്തെ നിയമിക്കാൻ നീക്കമെന്ന് ആരോപണം. ഐ.എ.എസ് ലോബിയുടെ സമ്മർദ്ദത്തെ തുടർന്നാണിത്. നിയമ വകുപ്പിന്റെ എതിർപ്പ് അവഗണിച്ചാണ് നീക്കം.
ചെയർമാനായിരുന്ന ജസ്റ്റിസ് സി.കെ.അബ്ദുൽ റഹിം 5ന് വിരമിച്ചതോടെയാണ് നീക്കം സജീവമായത്. ചെയർമാന്റെ ഒഴിവിൽ ഏറ്റവും മുതിർന്ന ജുഡിഷ്യൽ അംഗത്തെയാണ് ആക്ടിംഗ് ചെയർമാനാക്കുന്നത്. വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി.ആശയും എം.ആർ.ശ്രീലതയുമാണ് കെ.എ.ടിയിലെ ജുഡിഷ്യൽ അംഗങ്ങൾ. ഇവരെ ഒഴിവാക്കി ട്രൈബ്യൂണലിലെ അഡ്മിനിസ്ട്രേറ്റീവ് അംഗമായ ഡോ.പ്രദീപ് കുമാറിനെ ആക്ടിംഗ് ചെയർമാനാക്കാനാണ് നീക്കം. ഇത് പ്രോട്ടോക്കോൾ ലംഘനവും ഭരണഘടനാ വിരുദ്ധവുമാണെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
വിരമിച്ച ഹൈക്കോടതി ജഡ്ജി ജുഡിഷ്യൽ അംഗമായി തുടരുമ്പോൾ വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനെ ആക്ടിംഗ് ചെയർമാനായി നിയമിക്കുന്നത് ട്രൈബ്യൂണലിന്റെ അസ്തിത്വത്തെ ബാധിക്കും. ട്രൈബ്യൂണൽ ചെയർമാൻ ജുഡിഷ്യൽ അംഗമായിരിക്കണമെന്നാണ് നിയമത്തിൽ പറയുന്നത്. സ്ഥിരം ചെയർമാനെ നിയമിക്കുന്നതിന് ഈ മാനദണ്ഡം പാലിക്കണം. എന്നാൽ, ആക്ടിംഗ് ചെയർപേഴ്സണെ നിയമിക്കുന്നതിന് സീനിയോറിട്ടിമാത്രം മാനദണ്ഡമാക്കിയാൽ മതിയെന്നാണ് പൊതുഭരണ വകുപ്പിന്റെ വാദം. ഫയൽ ഇപ്പോൾ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.
ഒരു മാസമായി നാഥനില്ല
ചെയർമാനും രണ്ട് ജുഡിഷ്യൽ അംഗങ്ങളും മൂന്ന് അഡ്മിനിസ്ട്രേറ്റീവ് അംഗങ്ങളുമാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലുള്ളത്. തിരുവനന്തപുരത്തും കൊച്ചിയിലും ബെഞ്ചുകളുണ്ട്. ചെയർമാനായിരുന്ന ജസ്റ്റിസ് സി.കെ.അബ്ദുൽ റഹിം വിരമിച്ചതിനെ തുടർന്ന് നാഥനില്ലാത്ത അവസ്ഥയിലാണ് ട്രൈബ്യൂണൽ. ഇതുമൂലം സിറ്റിംഗ് ക്രമീകരണം ഉൾപ്പെടെയുള്ള പ്രധാന കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാവാത്ത അവസ്ഥയിലാണ്. നിരവധി കേസുകളും കെട്ടിക്കിടക്കുന്നു.