ജോലിഭാരം: ആത്മഹത്യാ മുനമ്പിൽ ബാങ്ക് ജീവനക്കാർ
കൊച്ചി: രാവിലെ ബാങ്കിലേക്ക് പുറപ്പെട്ട വനിതാ ചീഫ് മാനേജരെ കാണാതായെന്ന പൊതുമേഖലാ ബാങ്ക് മാനേജരുടെ പരാതി എറണാകുളം സെൻട്രൽ പൊലീസിന് ലഭിച്ചത് രണ്ടാഴ്ച മുമ്പാണ്.
ജീവനക്കാർ ഫ്ലാറ്റിൽ തിരക്കിയെത്തിയപ്പോൾ ‘ജോലി ഭാരം മൂലം ഞാൻ പോവുകയാണെന്നും സ്വത്തുക്കളെല്ലാം രണ്ടു മക്കൾക്കായി വീതിച്ചു നൽകണമെന്നും’ എഴുതിയ ആത്മഹത്യാക്കുറിപ്പാണ് ലഭിച്ചത്. തെരച്ചിലിൽ ഹൈക്കോടതിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ ഗോശ്രീപാലത്തിൽ അവരെ കണ്ടെത്തി. ജോലി ഭാരവും സമ്മർദ്ദവും മൂലമാണ് ഇവിടെയെത്തിയതെന്ന് പൊലീസിന് നൽകിയ മൊഴിയിലും അവർ ആവർത്തിച്ചു. ആശുപത്രിയിലെത്തിച്ച് കൗൺസലിംഗ് നൽകിയാണ് വിട്ടത്.
ബാങ്ക് ജീവനക്കാരുടെ ഗുരുതര പ്രശ്നത്തിലേക്കുള്ള ചൂണ്ടുപലകയാണിത്. പൊതുമേഖലാ ബാങ്കിംഗ് മേഖലയിലെ സമൂല മാറ്റം ദോഷകരമായി ബാധിച്ചത് ജീവനക്കാരെയാണ്. ജോലിഭാരവും ടാർഗറ്റ് പ്രശ്നങ്ങളും പലരെയും രോഗികളാക്കി.
ബിസിനസ് ഹബ്ബിന്
നൊട്ടോട്ടം
ബാങ്കുകൾ ബിസിനസ് ഹബ്ബുകളായി മാറിയതോടെ മാനേജർമാരും അസിസ്റ്റന്റ് മാനേജർമാരും ടാർഗറ്റ് തികയ്‌ക്കാൻ നെട്ടോട്ടത്തിലാണ്. 50-60 വിഷയങ്ങളാണ് ജീവനക്കാർ കൈകാര്യം ചെയ്യേണ്ടത്. ആരോഗ്യ, ലൈഫ്, ജനറൽ ഇൻഷ്വറൻസുകൾ, പി.എം.എ.വൈ, എ.പി.വൈ, പി.പി.എഫ്, സുകന്യ സമൃദ്ധി യോജന തുടങ്ങിയ സാമൂഹ്യ സുരക്ഷാ പദ്ധതികൾ, എം.എസ്.എം.ഇ വായ്പകൾ . ദിവസം അഞ്ച് പുതിയ അക്കൗണ്ടുകൾ തുടങ്ങണമെന്ന നിബന്ധന കർശനമായി നടപ്പാക്കുന്ന മാനേജ്മെന്റുകളുമുണ്ട്
പെർഫോമൻസ്
അപ്രൈസൽ
മാനേജീരിയൽ പദവിയിലെ ഓഫീസർമാർ കാഷ് കൗണ്ടറിലെ ജോലികൾ വരെ ചെയ്യണം. രാത്രി ഒമ്പതു മണിക്ക് വീട്ടിൽ പോകാനായാൽ ഭാഗ്യം. സ്റ്റേഷൻ ലീവിംഗ് പെർമിഷൻ ഇല്ലാതെ അന്യ ദേശക്കാർക്ക് വീട്ടിൽ പോകാനാവില്ല. ത്രൈമാസ പെർഫോമൻസ് അപ്രൈസലിൽ
പാളിയാൽ പ്രൊമോഷനും 'ഗോപി".
രാജി വയ്ക്കുന്നവരുടെ
എണ്ണം കൂടുന്നു
സമ്മർദ്ദം താങ്ങാനാവാതെ മാനേജർമാർ രാജി വച്ച് പോകുന്ന പ്രവണത കൂടുന്നു. ക്ലറിക്കൽ തലത്തിൽ നിന്ന് പ്രൊമോഷൻ കിട്ടി മാനേജർമാരും അസിസ്റ്റന്റ് മാനേജർമാരുമാകുന്നവർ സംവിധാനവുമായി ഒത്തുചേർന്ന് പോകുന്നുണ്ടെങ്കിലും സമ്മർദ്ദവും ഡിപ്രഷനും കൂടുതലാണ്.
'ഇടപാടുകാരുടെയും എണ്ണവും ജോലി ഭാരവും കൂടിയതിനനുസൃതമായി
ജീവനക്കാരുടെ എണ്ണം കൂട്ടണം.'
-എച്ച് .വിനോദ് കുമാർ,
ജനറൽ സെക്രട്ടറി,
ഓൾ ഇന്ത്യ ബാങ്ക്
ഓഫീസേഴ്സ് അസോ.
'കൊവിഡിന് ശേഷം ഓഫിസർമാരുടെ റിക്രൂട്ട്മെന്റ് കുറഞ്ഞു. ക്ലറിക്കൽ റിക്രൂട്ട്മെന്റ് നിലച്ച സ്ഥിതിയാണ്. '
ശ്രീനാഥ് ഇന്ദുചൂഢൻ,
സെക്രട്ടറി,ഓൾ ഇന്ത്യ ബാങ്ക്
ഓഫിസേഴ്സ് കോൺഫെ.