ആവേശം അവസാന ഓവര്‍ വരെ, പാകിസ്ഥാനെ വീണ്ടും വീഴ്ത്തി ഇന്ത്യക്ക് ഏഷ്യ കപ്പ് കിരീടം
ദുബായ്: ഏഷ്യ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യക്ക് കിരീടം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. അര്‍ദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന തിലക് വര്‍മ്മ 69*(53) ആണ് ജയമൊരുക്കിയത്. മുന്‍നിര ബാറ്റിംഗ് മറന്ന മത്സരത്തില്‍ ശിവം ദൂബെ, സഞ്ജു സാംസണ്‍ എന്നിവരുടെ ബാറ്റിംഗ് പ്രകടനങ്ങളും ജയത്തില്‍ നിര്‍ണായകമായി. ഇന്ത്യയുടെ 9ാം ഏഷ്യ കപ്പ് കീരീടമാണിത്.
147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ടീം സ്‌കോര്‍ 20 റണ്‍സിലേക്ക് എത്തിയപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായിരുന്നു. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ്മ 5(6), ശുബ്മാന്‍ ഗില്‍ 12(10), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 1(5) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. നാലാം വിക്കറ്റില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ 24(21) - തിലക് വര്‍മ്മ സഖ്യം നേടിയ 57 റണ്‍സ് കൂട്ടുകെട്ട് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുകയായിരുന്നു.
അബ്രാര്‍ അഹമ്മദിനെതിരെ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച് 13ാം ഓവറില്‍ സഞ്ജു പുറത്താകുകയായിരുന്നു. പകരമെത്തിയത് ശിവം ദൂബെ. തിലക് വര്‍മ്മയ്‌ക്കൊപ്പം ദൂബെ അര്‍ദ്ധ സെഞ്ച്വറി കൂട്ടുകെട്ടില്‍ പങ്കാളിയായി. അവസാന രണ്ട് ഓവറുകളില്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത് 17 റണ്‍സ്. ഫഹീം അഷ്‌റഫ് എറിഞ്ഞ 19ാം ഓവറില്‍ ഇന്ത്യ അടിച്ചെടുത്തത് 7 റണ്‍സ്. അവസാന പന്തില്‍ ശിവം ദൂബെ 33(22)പുറത്തായതോടെ മത്സരം വീണ്ടും ആവേശകരമായി. അവസാന ഓവറില്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത് 10 റണ്‍സ്.
ഹാരിസ് റൗഫ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ തിലക് വര്‍മ്മ നേടിയത് രണ്ട് റണ്‍സ്. രണ്ടാം പന്തില്‍ തിലക് മിഡ് വിക്കറ്റിന് മുകളിലൂടെ സിക്‌സര്‍ പറത്തി. ജയം നാല് പന്തില്‍ രണ്ട് റണ്‍സ് അകലെ. മൂന്നാം പന്തില്‍ സിംഗിള്‍ നേടി തിലക് വര്‍മ്മ ഇന്ത്യയെ ഒപ്പമെത്തിച്ചു. നാലാം പന്ത് അതിര്‍ത്തി കടത്തി റിങ്കു സിംഗ് ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 19.1 ഓവറില്‍ 146 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തിന്റെ കരുത്തില്‍ 12.4 ഓവറില്‍ 113ന് ഒന്ന് എന്ന അതിശക്തമായ നിലയില്‍ നിന്ന് ആയിരുന്നു പാകിസ്ഥാന്റെ പതനം. അവസാന ഒമ്പത് വിക്കറ്റുകള്‍ നഷ്ടപ്പെട്ടപ്പോള്‍ വെറും 33 റണ്‍സ് മാത്രമാണ് പാകിസ്ഥാന് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞത്.