ശമ്പള കരാർ നടപ്പാക്കണം: ഐ.എൻ.ടി.യു.സി

Monday 29 September 2025 12:11 AM IST

കുണ്ടറ: കുണ്ടറ സെറാമിക്സ് ജീവനക്കാരുടെ പത്തുവർഷമായി മുടങ്ങിക്കിടക്കുന്ന ശമ്പള കരാർ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് സെറാമിക്സ് എംപ്ലോയീസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) യോഗം ആവശ്യപ്പെട്ടു. 36 കോടി ചെലവഴിച്ചും കഴിഞ്ഞ 5 വർഷത്തെ വൈദ്യുത കുടിശ്ശികയായ 44 കോടി എഴുതിത്തള്ളി പുനരുദ്ധരിച്ചിട്ടും ആവശ്യത്തിന് ജോലിക്കാരെ നിയമിച്ചില്ല. പെൻഷൻ പറ്റിയവരെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിച്ച് കോടികൾ നഷ്ടം വരുത്തിയത് വിജിലൻസ് അന്വേഷിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. വർക്കിംഗ് പ്രസിഡന്റ് അഡ്വ.അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു. കമ്പനിക്ക് ആവശ്യമായ ഭൂമി കൊടുത്തവരുടെ അവകാശികൾക്ക് എത്രയും വേഗം ജോലി നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കമ്പനി ഹെഡ് ഓഫീസ് പടിക്കൽ സമരം നടത്താൻ യൂണിയൻ യോഗം തീരുമാനിച്ചു. കടയ്ക്കോട് അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഭാരവാഹികളായ സജീവ്, നജീം, ദിനേശൻ, അമ്പിളി, പ്രസാദ്, അനിൽരാജ് എന്നിവർ പ്രസംഗിച്ചു.