ആർ.എസ്.എസ് ശതാബ്ദി: ഒക്ടോബർ 2ന് തുടക്കം

Monday 29 September 2025 1:10 AM IST

കൊച്ചി:ആർ.എസ്.എസ് ശതാബ്ദി ആഷോഷങ്ങൾക്ക് വിജയദശമി ദിനമായ ഒക്ടോബർ 2ന് തുടക്കമാകും.നാഗ്പൂരിൽ നടക്കുന്ന ചടങ്ങിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുഖ്യാതിഥിയാകും.സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും.

2026 വിജയദശമി വരെ നീളുന്ന ശതാബ്ദി പരിപാടികളിൽ ഹിന്ദു സമ്മേളനങ്ങൾ,ഗൃഹസമ്പർക്കം,സദ്ഭാവനാ യോഗങ്ങൾ, സെമിനാറുകൾ, യുവാക്കൾക്കുള്ള പരിപാടികൾ എന്നിവ സംഘടിപ്പിക്കും.

കേരളത്തിൽ 1622 കേന്ദ്രങ്ങളിൽ പരിപാടികളുണ്ട്.1423 കേന്ദ്രങ്ങളിൽ സ്വയം സേവകർ പഥസഞ്ചലനം നടത്തും.തിരുവനന്തപുരം മുതൽ എറണാകുളം വരെ ദക്ഷിണ കേരള പ്രാന്തത്തിൽ 792 പരിപാടികളും 613 പഥസഞ്ചലനങ്ങളും നടക്കും.തൃശൂർ മുതൽ കാസർകോട് വരെ ഉത്തരകേരള പ്രാന്തത്തിൽ 830 പരിപാടികളും 810 കേന്ദ്രങ്ങളിൽ പഥസഞ്ചലനങ്ങളും സംഘടിപ്പിക്കും.ഉത്തര കേരളത്തിലെ പരിപാടികൾക്ക് ഇന്നലെ തുടക്കമായി.ദക്ഷിണ കേരളത്തിൽ ഒക്ടോബർ അഞ്ച് മുതൽ 26 വരെയും ഉത്തരകേരളത്തിൽ ഒക്ടോബർ 11 മുതൽ 30 വരെയും മഹാസമ്പർക്കയജ്ഞം നടക്കും.

ആർ.എസ്.എസ് അഖിലഭാരതീയ സഹശാരീരിക് പ്രമുഖ് ഒ.കെ.മോഹനൻ, മുതിർന്ന പ്രചാരകനായ എസ്. സേതുമാധവൻ,സീമാജാഗരൺ മഞ്ച് ദേശീയ രക്ഷാധികാരി എ.ഗോപാലകൃഷ്ണൻ,അഖിലഭാരതീയ കാര്യകാരി അംഗം ജെ. നന്ദകുമാർ, ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.