ഒട്ടും ഭയക്കേണ്ട, എല്ലാം പറയാം'സ്നേഹിത'യിൽ
ജില്ലയിൽ ഇതുവരെ സഹായം ലഭിച്ചത് 349 പേർക്ക്
കൊല്ലം: അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കൈത്താങ്ങാവാൻ കുടുംബശ്രീ ആരംഭിച്ച സ്നേഹിത എക്സ്റ്റെൻഷൻ സെന്ററിലൂടെ ഇതുവരെ ജില്ലയിൽ സഹായം ലഭിച്ചത് 349 പേർക്ക്.
വിവിധ ആവശ്യങ്ങൾക്കായി ഡിവൈ.എസ്.പി, എ.സി.പി ഓഫീസുകളിൽ എത്തുന്നവരിൽ അടിയന്തര മാനസിക പിന്തുണ ആവശ്യമുള്ള സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ കൗൺസലിംഗാണ് സ്നേഹിതയിലൂടെ നൽകുന്നത്. കഴിഞ്ഞ മാർച്ചിലാണ് കൊല്ലം, കരുനാഗപ്പള്ളി, ചാത്തന്നൂർ, പുനലൂർ, ശാസ്താംകോട്ട ഡിവൈ.എസ്.പി, എ.സി.പി ഓഫീസുകളിൽ സ്നേഹിത എക്സ്റ്റൻഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചത്. കൊട്ടാരക്കരയിൽ കഴിഞ്ഞ 3ന് ആണ് പ്രവർത്തനം തുടങ്ങിയത്. പരാതിക്കാരുടെ ആവശ്യവും കേസിന്റെ പ്രാധാന്യവും കണക്കിലെടുത്ത് പൊലീസിന്റെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് കൗൺസിലിംഗ്.
ഗാർഹിക പീഡനം, കുടുംബ പ്രശ്‌നങ്ങൾ, മദ്യപാനം, ലഹരി, മൊബൈൽ ഫോണിന് അടിമപ്പെടൽ, സാമ്പത്തിക പ്രശ്നങ്ങൾ, കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയ കേസുകളാണ് സെന്റർ വഴി കൈകാര്യം ചെയ്യുന്നത്. നിലവിൽ ആഴ്ചയിൽ രണ്ടുദിവസമാണ് സെന്ററുകളുടെ പ്രവർത്തനം.
അവകാശങ്ങൾ ഉറപ്പാക്കും
സമൂഹത്തിലെ കുറ്റകൃത്യങ്ങളുടെ തോത് കുറയ്ക്കുക, പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. സ്നേഹിത ജൻഡർ ഹെൽപ്പ് ഡെസ്കിന് കീഴിൽ കൗൺസിലിംഗിൽ പരിചയസമ്പത്തുള്ള കമ്മ്യൂണിറ്റി കൗൺസിലർമാരാണ് എക്സ്റ്റൻഷൻ സെൻറർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സേവനം തേടിയെത്തുന്നവരുടെ പുനരധിവാസം ഉറപ്പാക്കി എല്ലാ മേഖലയിലും മതിയായ പിന്തുണ നൽകാൻ കോർ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
എല്ലാം തുറന്ന് പറയാം
പരാതിക്കാർക്ക് നിർഭയമായി കാര്യങ്ങൾ തുറന്നു പറയാനും ആവശ്യമായ പിന്തുണകൾ ലഭ്യമാകുന്നതിനും പദ്ധതി സഹായിക്കും. കൂടുതൽ പ്രശ്‌നങ്ങളുള്ളവർക്ക് ആവശ്യമെങ്കിൽ വിദഗ്ദ്ധ മാനസികാരോഗ്യ ചികിത്സയും ഉറപ്പാക്കും.
കോർ കമ്മിറ്റി
അഡീഷണൽ ഡി.വൈ.എസ്.പി
എ.സി.പി
സബ് ഡിവിഷൻ എ.സി.പിമാർ, ഡിവൈ.എസ്.പിമാർ
കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ
അസി ജില്ലാ മിഷൻ കോ ഓർഡിനേറ്റർ
ജില്ലാ പ്രോഗ്രാം മാനേജർ
കൗൺസിലർ
അഭിഭാഷകൻ
സബ് ഡിവിഷനും കേസുകളുടെ എണ്ണവും
പുനലൂർ - 118
കരുനാഗപള്ളി - 88
ചാത്തന്നൂർ - 80 ശാസ്താംകോട്ട - 40 കൊല്ലം - 22
കൊട്ടാരക്കര - 1