മരണക്കളിയാണ് കടലിലെ അഭ്യാസം!
കൊല്ലം ബീച്ചിൽ നിയന്ത്രണങ്ങൾ മറികടന്ന് സന്ദർശകർ
കൊല്ലം: കൊല്ലം ബീച്ചിലെ അപകട നിയന്ത്രണങ്ങൾ മറികടന്ന് കടലിൽ ഇറങ്ങാൻ ശ്രമിക്കുന്ന സഞ്ചാരികൾ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു. കടൽ വളരെ ക്ഷോഭിച്ച് നിൽക്കുന്നതിനാൽ ബീച്ചിന് കുറുകെ നീളത്തിൽ കയർ വലിച്ചുകെട്ടുകയും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതെല്ലാം അവഗണിച്ചാണ് സന്ദർശകർ, ബീച്ചിലെ തിരമാലയിൽ ആർത്തുല്ലസിക്കുന്നത്.
കനത്ത സുരക്ഷ ഒരുക്കിയിട്ടും ബീച്ച് പരിധിയിൽ ഈ മാസം മാത്രം അഞ്ച് പേരാണ് അപകടത്തിൽപ്പെട്ടത്. അതേസമയം ബീച്ചിൽ നിയന്ത്രണം കർശനമാക്കിയ സാഹചര്യത്തിൽ തോപ്പിൽ ഭാഗം കേന്ദ്രീകരിച്ചും പള്ളിത്തോട്ടം ഭാഗത്തുമാണ് ആളുകൾ കൂടുതലായി കടലിൽ ഇറങ്ങുന്നത്. കഴിഞ്ഞയാഴ്ച പളളിത്തോട്ടം ഭാഗത്ത് തമിഴ്നാട് സ്വദേശികളായ ദമ്പതികൾ തിരയിൽപ്പെട്ടതാണ് അവസാനത്തെ സംഭവം. മത്സ്യത്തൊഴിലാളികളും പള്ളിത്തോട്ടം സ്വദേശിയായ യുവാവും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.
കള്ളക്കടൽ പ്രതിഭാസവും വേലിയേറ്റവും ഇടയ്ക്കിടയ്ക്കെത്തുന്ന മഴയും ആഞ്ഞടിക്കുന്ന തിരമാലകളും ചേർന്ന് ബീച്ചിന്റെ ഭൂരിഭാഗവും കവർന്നെടുത്ത നിലയിലാണ്. 200 മീറ്ററോളമുണ്ടായിരുന്ന വീതി നിലവിൽ 30-35 മീറ്ററായി ചുരുങ്ങി. കൂറ്റൻ തിരമാലകൾ ഏകദേശം അഞ്ചടി താഴ്ചയിൽ തീരം കുഴിച്ചെടുത്തു. മൂന്നുമാസമായി തീരം കടലെടുക്കാൻ തുടങ്ങിയെങ്കിലും കഴിഞ്ഞ രണ്ട് മാസമായിട്ടാണ് ഇത്രയും രൂക്ഷമാകുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
മാസങ്ങൾ വേണ്ടിവരും
ബീച്ച് പഴയപടിയാകാൻ മാസങ്ങൾ വേണ്ടി വരും. കടൽ കയറ്റം ശക്തമാണെങ്കിലും അവധി ദിനങ്ങളിൽ വിദേശികളും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരുമുൾപ്പെടെ നൂറുകണക്കിനാളുകളാണ് ബീച്ചിൽ എത്തുന്നത്.എന്നാൽ അപകട മുന്നറിയിപ്പുകൾ സന്ദർശകരിൽ പലരും ചെവിക്കൊള്ളാറില്ലെന്ന് ജീവൻ രക്ഷാപ്രവർത്തകർ പറയുന്നു. കൊച്ചുകുട്ടികളുമായിട്ട് എത്തുന്ന സംഘങ്ങൾ പോലും കയർ മറികടന്ന് കടലിലേക്ക് ഇറങ്ങാറുണ്ട്.
ബീച്ചിലെത്തുന്ന ആളുകൾ മുന്നറിയിപ്പുകൾ ഒന്നും പാലിക്കാറില്ല. നിയന്ത്രിക്കാൻ ശ്രമിച്ചാൽ അസഭ്യവർഷമായിരിക്കും കിട്ടുന്നത്. ഭൂരിഭാഗം ആളുകൾക്കും നീന്താൻ അറിയില്ല. അപകടം സംഭവിച്ച് രണ്ട് മൂന്ന് മിനിറ്റിനുള്ളിൽ രക്ഷിച്ചില്ലെങ്കിൽ മരണം ഉറപ്പാണ്
പൊന്നപ്പൻ ബീച്ച് ലൈഫ് ഗാർഡ്