പട്ടികജാതി വിഭാഗങ്ങൾക്കുള്ള സേഫ് പദ്ധതിയിൽ സേഫാണ് 1,165 വീടുകൾ

Monday 29 September 2025 12:14 AM IST

ജില്ലയിൽ വീട് ലഭിച്ചത് 1,165 പേർക്ക്

കൊല്ലം: പട്ടികജാതി വികസന വകുപ്പിന്റെ സേഫ് പദ്ധതിയിൽ ജില്ലയിൽ ഇതുവരെ പൂർത്തീകരിച്ചത് 1,165 വീടുകൾ. പട്ടികജാതി വിഭാഗത്തി​ൽപ്പെട്ടവരുടെ വീട് പണി പൂർത്തി​യാക്കാൻ രണ്ടു ലക്ഷം രൂപ നൽകുന്ന പദ്ധതിയാണിത്.

2022-23ലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. നിർമാണം പാതി പിന്നിട്ടതും തുടർനിർമാണം നടത്തേണ്ടതുമായ വീടുകളിൽ കഴിയുന്നവർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. മൂന്ന് ഘട്ടമായിട്ടാണ് രണ്ടു ലക്ഷം രൂപ കൈമാറുന്നത്. ഒന്നാം ഘട്ടത്തിൽ 50,000 രൂപയും രണ്ടാം ഘട്ടത്തിൽ ഒരു ലക്ഷം രൂപയും മൂന്നാമതായി 50,000 രൂപയുമാണ് നൽകുക. ആദ്യഘട്ടത്തിൽ മുൻകൂറായും ശേഷം നിർദിഷ്ട ശതമാനം പ്രവൃത്തി പൂർത്തിയാക്കുന്നവർക്ക് രണ്ടാംഘട്ടത്തിലും പണം അനുവദിക്കും. നിർമാണം പൂർത്തിയായ ശേഷമാണ് മൂന്നാം ഘട്ടത്തിലേത് അനുവദിക്കുക. മേൽക്കൂര പൂർത്തീകരണം, ശൗചാലയ നിർമാണം, ഭിത്തികളുടെ ബലപ്പെടുത്തൽ, വാതിൽ, ജനാല സ്ഥാപിക്കൽ, അടുക്കള നവീകരണം, ഫ്‌ളോറിംഗ്, സമ്പൂർണ പ്ലാസ്റ്ററിംഗ്, ഇലക്ട്രിക്കൽ വയറിംഗ്, വൈദ്യുതി ഉപകരണങ്ങൾ സ്ഥാപിക്കൽ, പ്ലംബിംഗ് പ്രവർത്തനങ്ങൾ തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടുന്നു.

പ്രവൃത്തികളുടെ സാങ്കേതിക പരിശോധന അംഗീകൃത എൻജിനീയറും ഭൗതിക പരിശോധന ജില്ലാ പട്ടികജാതി വികസന ഓഫീസറുമാണ് നിർവഹിക്കുന്നത്. പട്ടികയിൽ ഉൾപ്പെട്ട ഭവനങ്ങൾ അംഗീകൃത എൻജിനീയർമാർ സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കും.

കടമ്പ കടക്കാൻ

 വരുമാന പരിധി ഒരുലക്ഷം രൂപ വരെയും 2010 ഏപ്രിൽ ഒന്നിന് ശേഷം വീട് നിർമ്മിച്ചവർക്കും അപേക്ഷിക്കാം

 2006 ഏപ്രിൽ ഒന്നിന് ശേഷം ഭവനനിർമാണം പൂർത്തിയാക്കിയവരെയും പരിഗണിക്കും

 കഴിഞ്ഞ 5 വർഷത്തിനുള്ളിൽ മറ്റുപദ്ധതികൾവഴി ഭവനനിർമാണത്തിന് ധനസഹായം ലഭിച്ചവരെ പരിഗണിക്കില്ല.

മുൻഗണന ഉള്ളവർ

 വീടിന്റെ മേൽക്കൂര, ശൗചാലയം എന്നിവ പൂർത്തീകരിക്കേണ്ടവർ

 ഭർത്താവ് മരണപ്പെട്ട അല്ലെങ്കിൽ ഭർത്താവ് ഉപേക്ഷിച്ച വനിതകൾ കുടുംബനാഥരായ കുടുംബങ്ങൾ

 ഭിന്നശേഷി വിഭാഗത്തിലുള്ളവർ, മാരകരോഗങ്ങൾ ബാധിച്ചവരുള്ള കുടുംബങ്ങൾ

 വാർഷിക വരുമാനം 50,000 രൂപ വരെയുള്ള കുടുംബങ്ങൾ

 800 ചതുരശ്ര അടിയിൽ താഴെ വിസ്തീർണമുള്ള വീടുകൾ

 മുൻ വർഷങ്ങളിൽ അറ്റകുറ്റപ്പണികൾക്ക് ഗ്രാന്റ് ലഭിക്കാത്തവർ

 പഠനമുറി അനുവദിച്ചിട്ടില്ലാത്ത കുടുംബങ്ങൾ, വിദ്യാർത്ഥികളുള്ള കുടുംബങ്ങൾ

 ഒന്നിലധികം വിദ്യാർത്ഥിനികളുള്ള കുടുംബങ്ങൾ

.........................................

2022-23: 278 ഗുണഭോക്താക്കൾ: 1.62 കോടി

2023-24: 414 ഗുണഭോക്താക്കൾ: 11 കോടി

2024-25: 473 പേർക്ക് 7.47 കോടി

കാലഘട്ടത്തിന് അനുസൃതമായ പദ്ധതികൾ തയ്യാറാക്കി പട്ടികജാതി വിഭാഗക്കാർക്ക് വിവിധ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നുണ്ട്

കെ. സുനിൽ കുമാർ, ജില്ലാ പട്ടികജാതി വികസന ഓഫീസർ