ചെലവു ചുരുക്കലിനായി തൊഴിൽ നിഷേധം: ഇരകൾക്ക് തണലായി ടെക്കി കൂട്ടായ്‌മകൾ

Monday 29 September 2025 1:21 AM IST

കൊച്ചി: ചെലവു ചുരുക്കലിന്റെയും ലേ ഓഫിന്റെയും മറവിൽ തൊഴിൽ നഷ്‌ടപ്പെടുന്നവരെ ചേർത്തു പിടിക്കുകയാണ് ടെക്കികളുടെ കൂട്ടായ്‌മകളായ പ്രോഗ്രസീവ് ടെക്കീസും പ്രതിദ്ധ്വനിയും. ട്രേഡ് യൂണിയനുകളില്ലാത്ത ഐ.ടി മേഖലയിലെ തൊഴിൽ പ്രശ്‌നങ്ങളിൽ സർക്കാർ, കമ്പനി തലങ്ങളിൽ ഇവർ ഇടപെടും. https://newstrack.live/News/PostToWeb/QmRHbTFPMHhEak1uWnhXamJ0eDZKdz09?em=1&r=6#പിരിച്ചുവിടപ്പെട്ടവരുടെ വ്യക്തിഗത, തൊഴിൽ പരിചയ വിവരങ്ങൾ ഗൂഗിൾ ഫോം വഴി ശേഖരിച്ച് മറ്റു കമ്പനികൾക്ക് നൽകും. നിരവധിപേർക്ക് പകരം ജോലി ലഭ്യമാക്കിയതായും പല പിരിച്ചുവിടലുകളും ഒഴിവാക്കാൻ കഴിഞ്ഞതായും ഭാരവാഹികൾ പറഞ്ഞു.

ജീവനക്കാരെ കുറയ്‌ക്കാൻ ഐ.‌‌ടി രംഗത്തെ വമ്പൻ കമ്പനികൾ തുടങ്ങിയ മാർഗങ്ങൾ ഇടത്തരം, ചെറുകിട കമ്പനികളും പിന്തുടരുന്നുണ്ട്. വർഷങ്ങളുടെ പരിചയസമ്പത്തുള്ളവർ മുതൽ തുടക്കക്കാർക്ക് വരെ തൊഴിൽ നഷ്‌ടമായി. ഒരു വൻകിട കമ്പനി കേരളത്തിൽ 600 ലേറെപ്പേരെ പുറത്താക്കി.

ആഗോള മത്സരം, മാന്ദ്യം, ചെലവുചുരുക്കൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) വ്യാപനം തുടങ്ങിയവയാണ് ഒഴിവാക്കാനുള്ള കാരണങ്ങളായി പറയുന്നത്. കരാർ കാലാവധി കഴിയുമ്പോൾ പുതിയ പ്രോജക്‌ട് നൽകാതെയും ഒഴിവാക്കുന്നുണ്ട്.

 ജോലി വാഗ്ദാനം ചെയ്‌ത് പറ്റിച്ചു

ഒരു കമ്പനിയിൽ അരലക്ഷം രൂപയ്ക്ക് ജോലി ചെയ്തിരുന്ന യുവാവിന് മറ്റൊരു പ്രമുഖ കമ്പനി ഉയർന്ന പദവിയും ശമ്പളവും വാഗ്ദാനം ചെയ്ത് കത്ത് നൽകി. നിയമപ്രകാരം ഒരുമാസത്തിന് ശേഷം പിരിയാൻ രാജിക്കത്ത് നൽകിയ യുവാവിന് എന്നാൽ പ്രമുഖ കമ്പനി നിയമനം നൽകിയില്ല. വിവാഹം നിശ്ചയം കഴിഞ്ഞിരുന്ന യുവാവ് ഇതോടെ പെരുവഴിയിലുമായി. രണ്ട് മാസമായി ജോലിയില്ലാതായതോടെ ബാങ്ക് വായ്പയുടെ തിരിച്ചടവും മുടങ്ങി.

'തൊഴിൽ നഷ്‌ടമായവരുടെ കണക്കെടുപ്പ് പൂർണമായിട്ടില്ല. പിരിച്ചുവിടൽ തുടരുകയാണ്. പരമാവധിപേർക്ക് പകരം തൊഴിലുറപ്പാക്കാനാണ് ശ്രമം".

- അനീഷ് പന്തലാനി, പ്രോഗ്രസീവ് ടെക്കീസ്

'പതിറ്റാണ്ടുകളുടെ പരിചയമുള്ളവർക്ക് തത്തുല്യമായ ജോലി ലഭ്യമാക്കുക എളുപ്പമല്ല. എങ്കിലും ശ്രമം തുടരുകയാണ്".

- ആഷിക് സി. ശ്രീനിവാസൻ, പ്രതിദ്ധ്വനി