ഏഷ്യയിൽ ഇന്ത്യ കപ്പിത്താൻ, പാകിസ്ഥാനെ തറപറ്റിച്ച് ഇന്ത്യക്ക് ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം

Monday 29 September 2025 1:27 AM IST

ദുബായ്: ആവേശം നിറഞ്ഞുനിന്ന കലാശക്കളിയിൽ നിലനിറുത്തി. ഇന്നലെ ചേസിംഗിൽ ജയിക്കാൻ 147റൺസ് വേണ്ടിയിരുന്ന ഇന്ത്യ 19.4ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം കണ്ടത്. 20/3 എന്ന നിലയിൽ നിന്ന് തിലക് വർമ്മ (53 പന്തുകളിൽ പുറത്താകാതെ 69 റൺസ്), സഞ്ജു സാംസൺ (24),ശിവം ദുബെ (33) എന്നിവർ നടത്തിയ പോരാട്ടമാണ് ഇന്ത്യയെ ഒമ്പതാം തവണയും ഏഷ്യാകപ്പ് ജേതാക്കളാക്കിയത്.

നേരത്തേ ടോസ് നഷ്ടപ്പെട്ട്ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാൻ 19.1 ഓവറിൽ 146 റൺസിന് പാകിസ്ഥാൻ ആൾഔട്ടായി. നാലുവിക്കറ്റ് വീഴ്‌ത്തിയ കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ വരുൺ ചക്രവർത്തിയും അക്ഷർ പട്ടേലും പേസർ ജസ്‌പ്രീത് ബുംറയും ചേർന്നാണ് പാകിസ്ഥാനെ ഈ സ്കോറിൽ ഒതുക്കിയത്. പാകിസ്ഥാനായി ഓപ്പണർ സാഹിബ്സദ ഫർഹാൻ (57) അർദ്ധ സെഞ്ച്വറി നേടിയപ്പോൾ ഫഖാർ സമാൻ 46 റൺസ് നേടി.

ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ചരിത്രത്തിൽ ആദ്യമായാണ് ഏറ്റുമുട്ടിയതെങ്കിലും ഈ ഏഷ്യാകപ്പിൽ ഇരുവരും തമ്മിലുള്ള മൂന്നാമത്തെ മത്സരമായിരുന്നു ഇന്നലത്തേത്. ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ ആധികാരികമായി വിജയം കണ്ടിരുന്നു. ഈ മത്സരങ്ങളിൽ പാകിസ്ഥാൻ ക്യാപ്ടന് ഷേക് ഹാൻഡ് നൽകാൻ വിസമ്മതിച്ച ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ഇന്നലെയും തന്റെ നിലപാട് തുടർന്നുവെന്ന് മാത്രമല്ല മത്സരത്തലേന്ന് പാക് ക്യാപ്ടനൊപ്പം ട്രോഫിയുമായുള്ള ഫോട്ടോ ഷൂട്ടിൽ നിന്ന് പിന്മാറുകയും ചെയ്തു. മത്സരത്തിന് തൊട്ടുമുമ്പ് ട്രോഫിക്ക് ഇരുവശത്തുമായി നിന്നപ്പോൾ പാക് ക്യാപ്ടൻ സൽമാൻ ആഗയെ നോക്കാൻപോലും സൂര്യ തയ്യാറായില്ല.