104-കാരനും സ്മാർട്ട് ആകുന്നതാണ് നവകേരളം: മന്ത്രി എം.ബി. രാജേഷ്
കാക്കനാട്: തൃക്കാക്കര നഗരസഭ 23-ാം ഡിവിഷനിൽ പൂർത്തീകരിച്ച അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. അങ്കണവാടി കുട്ടികൾ മുതൽ 104 വയസുള്ള അബ്ദുല്ല മൗലവി വരെ സ്മാർട്ടാവുന്ന കേരളമാണ് നവകേരളമെന്ന് മന്ത്രി പറഞ്ഞു. ഏറ്റവും കൂടുതൽ ക്ലാസ് മുറികൾ സ്മാർട്ടായതും 96 ശതമാനം സ്‌കൂളുകളിലും ഇന്റർനെറ്റ് സൗകര്യവുമുള്ളതുമായ ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്നും ഡിജിറ്റൽ സാക്ഷരതയിലും കേരളം മുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നഗരസഭ ചെയർപേഴ്‌സൺ രാധാമണി പിള്ള അദ്ധ്യക്ഷയായ ചടങ്ങിൽ വൈസ് ചെയർമാൻ ടി.ജി. ദിനൂപ്, ഡിവിഷൻ കൗൺസിലർ സൽമ ഷിഹാബ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ വർഗീസ് പ്ലാശ്ശേരി, റസിയ നിഷാദ്, നൗഷാദ് പല്ലച്ചി, കൗൺസിലർമാരായ എ.എ. ഇബ്രാഹിം കുട്ടി, ഇ.പി. കാദർക്കുഞ്ഞ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ സി.എസ്. ഷിജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.