സാമ്പത്തിക സംവരണ ആശയം ഇ.എം.എസിന്റേത് : സ്വാമി സച്ചിദാനന്ദ
തിരുവനന്തപുരം:സാമ്പത്തിക സംവരണമെന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ഇ.എം.എസ് ആണെന്നും ,എന്നാൽ അന്നതിന് സ്വീകാര്യത ലഭിച്ചില്ലെന്നും ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ .മുൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ വി.വി.ഗിരി എഴുതിയ 'കതിരും പതിരും ' എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ദേവസ്വം ബോർഡിലെ ഉദ്യോഗങ്ങളിൽ 90 ശതമാനവും വരേണ്യ വർഗമാണ് കൈയടക്കിയിട്ടുള്ളത്.ഇപ്പോഴത്തെ സർക്കാർ അനുവദിച്ച 10 ശതമാനം സാമ്പത്തിക സംവരണം കൂടി നടപ്പിലാക്കിയതോടെ ദേവസ്വം ബോർഡിലെ നൂറു ശതമാനം ഉദ്യോഗവും
അവർക്കാണ്.പൂജ നടത്തുന്നവർ മാത്രമല്ല, ദേവസ്വം ബോർഡിന് കീഴിലുള്ള സ്‌കൂളുകളിലും മറ്റു സ്ഥാപനങ്ങളിലുമെല്ലാം സമാന സ്ഥിതിയാണ്. ഇക്കാര്യം ശ്രീനാരായണ സമൂഹത്തിലെ സാധാരണക്കാർ ചിന്തിക്കുന്നുണ്ടോ എന്നത് സംശയമാണ്.സംവരണത്തിന് വേണ്ടി പട പൊരുതാനും അതിനാവശ്യമായ തെളിവുകൾ നിരത്താനും കഴിയുന്ന ലേഖനങ്ങളാണ് വി.വി.ഗിരിയുടെ പുസ്തകത്തിലുള്ളതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു, ചരിത്രകാരനും എസ്.എൻ.ഡി.പി യോഗം മുൻ വൈസ് പ്രസിഡന്റുമായ ജി.പ്രിയദർശനൻ പുസ്തകം ഏറ്റുവാങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ കമ്മീഷണർ വി.വി.വിജയൻ അദ്ധ്യക്ഷനായി . റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഒഫ്താൽമോളജി ഡയറക്ടർ ഡോ. സി.എസ്.ഷീബ, ഡോ .പി.പൽപ്പു ഫൗണ്ടേഷൻ പ്രസിഡന്റ് കെ.സാംബശിവൻ, ഭാഷാ സംഗമം പ്രസിഡന്റ് തുമ്പമൺ തങ്കപ്പൻ,പരിധി പബ്ലിക്കേഷൻസ് ഡയറക്ടർ ഡോ .എം. രാജീവ് കുമാർ എന്നിവർ സംസാരിച്ചു. നൂറു ശതമാനം ചരിത്ര രേഖകളെ ആശ്രയിച്ചാണ് തന്റെ പുസ്തക രചനയെന്ന് വി.വി ഗിരി മറുപടി പറഞ്ഞു.