25,000ൽ അധികം ജനങ്ങൾ,പൊലീസിന് വീഴ്ചയില്ല:എ.ഡി.ജി.പി

Monday 29 September 2025 1:55 AM IST

കരൂർ: നടനും ടി.വി.കെ അദ്ധ്യക്ഷനുമായ വിജയ്‌യുടെ റാലിക്കിടെ കരൂരിലുണ്ടായ ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനൊപ്പം പൊലീസ് അന്വേഷണവും നടക്കുമെന്ന് തമിഴ്നാട് ക്രമസമാധന ചുമതലയുളള എ.ഡി.ജി.പി ഡേവിഡ്സൺ ദേവാശിർവാദം.

സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ല.അന്വേഷണം ആരംഭഘട്ടത്തിലെന്നും എ.ഡി.ജി.പി വ്യക്തമാക്കി.

ശനിയാഴ്ച രാവിലെ പത്ത് മുതൽ കരൂരിലെ റാലിയിലേക്ക് ആളുകൾ എത്തി.റാലിക്ക് പതിനായിരം പേരുണ്ടാകുമെന്നാണ് ടി.വി.കെ സംസ്ഥാന ഭാരവാഹികൾ അറിയിച്ചത്.15,000 മുതൽ 20,000 പേരെയാണ് പൊലീസ് പ്രതീക്ഷിച്ചിരുന്നത്.പക്ഷേ, 25,000 മുതൽ 30,000ത്തിൽപരം ജനങ്ങൾ എത്തിയെന്നാണ് കണക്കുകൂട്ടുന്നത്.നീണ്ടുകിടക്കുന്ന റോഡിലാണ് റാലി നടന്നത്.ആളുകൾ വിജയ് യുടെ വാഹനത്തെ പിന്തുടർന്നത് തിക്കിനും തിരക്കിനും കാരണമായി.ജനങ്ങൾ സ്ഥലത്ത് നിന്ന് പോകാതെ മുന്നോട്ട് നീങ്ങിയതും പ്രശ്നം സങ്കീർണ്ണമായി.ശനിയാഴ്ച പകൽ

12ന് വിജയ് എത്തുമെന്നാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരുന്നത്,എന്നാൽ വൈകിട്ട് 7നാണ് താരം എത്തിയത്.ഈ സമയം ഭക്ഷണവും വെള്ളവും ലഭിക്കാതെ ആളുകൾ അവിടെ കാത്തിരുന്നു.സംഭവത്തിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എ.ഡി.ജി.പി ഡേവിഡ്സൺ ദേവാശിർവാദം പറഞ്ഞു.