ജി.എസ്.ടി പരിഷ്ക്കരണം; കൺഫ്യൂഷൻ തീരാതെ ചെറുകിട വ്യാപാരികൾ

Monday 29 September 2025 1:58 AM IST

മലപ്പുറം: ചരക്ക് സേവന നികുതിയിലെ (ജി.എസ്.ടി) പരിഷ്‌ക്കരണങ്ങൾ പ്രാബല്യത്തിൽ വന്നെങ്കിലും ജില്ലയിലെ ചെറുകിട വ്യാപാരികൾ ആശയക്കുഴപ്പത്തിൽ. ഒട്ടേറെ സാധനങ്ങളുടെ വിലയിൽ കുറവ് വന്നെങ്കിലും ഭൂരിഭാഗം ചെറുകിട വ്യാപാരികളും നൽകുന്ന ബില്ലിൽ അത് പ്രതിഫലിച്ചിട്ടില്ല. ചെറുകിട വ്യാപാരികൾക്ക് പുതുക്കിയ വില വിവരം സംബന്ധിച്ച് കൃത്യമായ ധാരണ ലഭിച്ചിട്ടില്ല. ഇത്രയധികം ഉല്പന്നങ്ങളുടെ വിലക്കുറവിനെ എങ്ങിനെയാണ് നേരിടേണ്ടതെന്ന കാര്യത്തിൽ ഇവർക്ക് വ്യക്തതയില്ല. മാത്രമല്ല, ജി.എസ്.ടി പരിഷ്‌ക്കരണം നിലവിൽ വന്നപ്പോഴും പലരുടെയും കൈവശമുള്ളത് പഴയ സ്റ്റോക്ക് സാധനങ്ങളാണ്. ഇവയെല്ലാം ഇവർ പഴയ ജി.എസ്.ടി നിരക്കിൽ മൊത്തക്കച്ചവടക്കാരിൽ നിന്നും വിതരണക്കാരിൽ നിന്നും വാങ്ങിയവയാണ്. ഇവ പുതിയ നിരക്ക് പ്രകാരം വിറ്റാൽ നാമമാത്രമായ ലാഭമേ ലഭിക്കൂ. അതിനാൽ പഴയ വിലയ്ക്ക് തന്നെ സാധനങ്ങൾ വിൽക്കാൻ നിർബന്ധിതരാവുകയാണ്. 413 ഉല്പന്നങ്ങളുടെ നികുതി നിരക്കിലാണ് മാറ്റം വന്നിട്ടുള്ളത്. ജി.എസ്.ടി പരിഷ്‌ക്കരണത്തെ സംബന്ധിച്ച് കൃത്യമായ അവബോധം ലഭിക്കാത്തതിനാൽ അടുത്ത മാസം നാലിന് ജില്ലയിലെ മുഴുവൻ ചെറുകിട കച്ചവടക്കാരെയും ഉൾപ്പെടുത്തി പ്രത്യേക ക്ലാസ് മലപ്പുറത്ത് വച്ച് നൽകാനാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം. അതേസമയം ജില്ലയിലെ ഭൂരിഭാഗം ബ്രാൻഡഡ് ഷോപ്പുകളിലും സൂപ്പർ മാർക്കറ്റുകളിലും പുതുക്കിയ ജി.എസ്.ടി നിരക്ക് പ്രാബല്യത്തിൽ വന്നിട്ടുണ്ട്. പരിഷ്ക്കരണത്തിന് പിന്നാലെ ജില്ലയിലെ പല സൂപ്പർ മാർക്കറ്റുകളിലും പാക്ക് ചെയ്ത ചപ്പാത്തി, പത്തിരി, ബിസ്ക്കറ്റ് തുടങ്ങിയവയുടെ എണ്ണത്തിലെല്ലാം വർദ്ധനവ് വരുത്തിയിട്ടുണ്ട്. ജി.എസ്.ടി പരിഷ്ക്കരണത്തിന് മുന്നേ ബുക്ക് ചെയ്ത സാധനങ്ങൾക്കും പുതിയ നിരക്ക് പ്രകാരമുള്ള തുകയ്ക്കാണ് നൽകുന്നതെന്നും കച്ചവടക്കാർ പറയുന്നു. പഴയ സ്റ്റോക്ക് സാധനങ്ങൾ വിറ്റ് തീർക്കാനുള്ള സമയം പോലും കൊടുക്കാത്തതിൽ വിമർശനം ഉന്നയിക്കുന്നവരും ഏറെയാണ്.

പഴയ നിരക്കിൽ വാങ്ങിയ സാധനങ്ങൾ പുതിയ നിരക്ക് പ്രകാരം വിൽക്കുമ്പോഴുള്ള നഷടം സഹിക്കാൻ ചെറുകിട വ്യാപാരികൾക്ക് സാധിക്കില്ല. ചെറുകിട വ്യാപാരികളെ ജി.എസ്.ടി നിരക്കിൽ നിന്ന് ഒഴിവാക്കണമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട്. കുഞ്ഞാവു ഹാജി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്

സാധനങ്ങളുടെ പായ്ക്കറ്റിൽ പഴയ നിരക്കാണ് രേഖപ്പെടുത്തിയതെങ്കിലും ബില്ല് ചെയ്യുമ്പോൾ പുതുക്കിയ നിരക്കിലായിരിക്കും വരിക. പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നപ്പോഴേ നടപ്പിലാക്കിയിട്ടുണ്ട്. ജാംജൂം ഹൈപ്പർ മാർക്കറ്റ്, മലപ്പുറം