ഭാര്യാപിതാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം: യുവാവ് അറസ്റ്റിൽ
Monday 29 September 2025 2:00 AM IST
പൂക്കോട്ടുംപാടം: ഭാര്യാപിതാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഊർങ്ങാട്ടിരി മൈത്ര സ്വദേശി ചീരാൻതൊടിക അബ്ദുൾ സമദിനെ(38) പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ട് 3.45ഓടെ കൂറ്റമ്പാറ രാമംകുത്ത് റോഡിൽ ചേനാംപാടത്താണ് സംഭവം. കല്ലിങ്ങൽപൊയിൽ റോഡിലൂടെ ബൈക്കിൽ വരികയായിരുന്ന ഭാര്യാപിതാവിനെ അബ്ദുൾസമദ് കാറുകൊണ്ട് ഇടിച്ചിട്ടു. തെറിച്ച് വീണ ഇയാളെ കാർ ഉപയോഗിച്ച് റോഡരികിലെ മതിലിനോട് ചേർത്തു. വീണ്ടും കാറിടിപ്പിക്കാൻ ശ്രമിക്കുന്നത് കണ്ട നാട്ടുകാർ തടയുകയായിരുന്നു. ഭാര്യാപിതാവിന് കാലുകൾക്ക് ചതവും മുറിവുകളുമടക്കമുള്ള പരിക്കുണ്ട്. ഭാര്യ, തന്റെ വീട്ടിൽ നിൽക്കാത്തത് ഭാര്യാപിതാവ് പറഞ്ഞിട്ടാണെന്ന വിരോധത്തിലാണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.