പൂജാ അവധിക്കാലത്ത് നിർണായക തീരുമാനമെടുത്ത് റെയിൽവെ, പ്രയോജനം കിട്ടുക ലക്ഷക്കണക്കിന് മലയാളികൾക്ക്

Monday 29 September 2025 9:39 AM IST

കോട്ടയം : പൂജാവധിയുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ നേരത്തെ പ്രഖ്യാപിച്ച ചെന്നൈ സെൻട്രൽ ചെങ്കോട്ട വീക്കിലി എ.സി എക്സ്പ്രസ് സ്‌പെഷ്യൽ ട്രെയിൻ കൊട്ടാരക്കര, കൊല്ലം വഴി കോട്ടയത്തേക്ക് ദീർഘിപ്പിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. പൂജ അവധിയുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിനുകൾ നീട്ടണമെന്നാവശ്യം എം.പി ഉന്നയിച്ചതിനെ തുടർന്നാണ് ചെങ്കോട്ടയിൽ സർവീസ് അവസാനിപ്പിച്ചിരുന്ന ട്രെയിൻ കോട്ടയത്തേക്ക് നീട്ടാൻ തീരുമാനിച്ചത്.

ബുധനാഴ്ചകളിൽ വൈകുന്നേരം ചെന്നൈ സെൻട്രലിൽ നിന്ന് ആരംഭിക്കുന്ന സർവീസ് അടുത്ത ദിവസം രാവിലെ കോട്ടയത്ത് എത്തിച്ചേരും. വ്യാഴാഴ്ചകളിൽ കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ വെള്ളിയാഴ്ച ചെന്നൈയിലെത്തും. കൊട്ടാരക്കര, മാവേലിക്കര, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.