'ഉണ്ണികൃഷ്ണനോ വാസുദേവനോ ലാഭമുള്ള കേസ് അല്ല, വിജിലൻസ് അന്വേഷിക്കണം'; സ്വർണപീഠ വിവാദത്തിൽ എ പത്മകുമാർ

Monday 29 September 2025 9:45 AM IST

പത്തനംതിട്ട: ശബരിമലയിലെ കാണാതായ ദ്വാരപാലക ശില്പ പീഠം സ്‌പോൺസർ ബംഗളൂരു വ്യവസായി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ബന്ധുവീട്ടിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ. സ്വർണപീഠവുമായി ബന്ധപ്പെട്ട ദുരൂഹത വിജിലൻസ് അന്വേഷിക്കട്ടയെന്ന് പത്മകുമാർ പറഞ്ഞു. സ്‌പോൺസർ ഉണ്ണികൃഷ്ണനുമായി വ്യക്തി ബന്ധമില്ലെന്നും എ പത്മകുമാർ പറഞ്ഞു. സ്വർണപീഠവുമായി ബന്ധപ്പെട്ട വിവാദമുണ്ടായിരുന്ന കാലത്ത് എ പത്മകുമാറായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ്.

'സ്വർണ പീഠം എടുത്തതുകൊണ്ട് ഉണ്ണികൃഷ്ണനോ വാസുദേവനോ പ്രത്യേകിച്ച് ലാഭമുള്ള കേസ് അല്ല. അവർ എന്തിന് അങ്ങനെ ചെയ്തു എന്നത് വിജിലൻസ് അന്വേഷിക്കണം. പുതിയ പീഠം കൊണ്ടുവന്നപ്പോൾ ശില്പവുമായി ചേരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. തിരികെ കൊടുത്ത് വിടുമ്പോൾ ദേവസ്വം ഉദ്യോഗസ്ഥരാണ് രേഖ തയ്യാറാക്കേണ്ടത്. അവർ അത് ചെയ്തിട്ടുണ്ടാകുമെന്ന് കരുതുന്നു. നടപടികൾ എല്ലാം ചെയ്തത് അന്നത്തെ തിരുവാഭരണം കമ്മീഷണർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ്'- പത്മകുമാർ പറഞ്ഞു.

കാണാതായ സ്വർണപീഠം കണ്ടെത്തിയതോടെ ദേവസ്വം ബോർഡിനെ സംശയത്തിലാക്കിയ ആരോപണത്തിലാണ് വഴിത്തിരിവുണ്ടായത്. സ്വർണവും മറ്റു ലോഹങ്ങളുമടക്കം മൂന്നുപവനിൽ തീർത്ത പീഠം ഉണ്ണിക്കൃഷ്ണൻപോറ്റിയുടെ സഹോദരി മിനി അന്തർജനത്തിന്റെ വെഞ്ഞാറമൂട് വലിയ കട്ടയ്ക്കാലിലുള്ള വീട്ടിൽ നിന്ന് ശനിയാഴ്ചയാണ് ദേവസ്വം വിജിലൻസ് കണ്ടെത്തിയത്. ഇത് സ്‌ട്രോംഗ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്.

ഉണ്ണിക്കൃഷ്ണൻപോറ്റിയുടെ സ്‌പോൺസർഷിപ്പിൽ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി ഇയാളുടെ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ കൊണ്ടുപോയത് കോടതി ചോദ്യം ചെയ്തിരുന്നു. 42 കിലോ തൂക്കമുണ്ടായിരുന്ന പാളികൾ സ്വർണംപൂശി തിരിച്ചെത്തിച്ചപ്പോൾ നാലുകിലോ കുറഞ്ഞതും വിവാദമായി.

ദ്വാരപാലക ശില്പങ്ങൾക്കു പുറമേ രണ്ട് പീഠംകൂടി നിർമ്മിച്ചു നിൽകിയിരുന്നുവെന്ന് ഉണ്ണിക്കൃഷ്ണൻപോറ്റി പറഞ്ഞിരുന്നു. അത് ബോർഡിന്റെ സ്‌ട്രോംഗ് റൂമിലുണ്ടെന്നും സൂചിപ്പിച്ചിരുന്നു. കണ്ടെത്താൻ ഹൈക്കോടതി നിർദ്ദേശിച്ചതോടെ വിജിലൻസ് ദേവസ്വം സ്‌ട്രോംഗ് റൂമുകളിൽ പരിശോധിച്ചു. ഉണ്ണിക്കൃഷ്ണൻപോറ്റിയെ ചോദ്യംചെയ്തു. ഇയാളുടെ തിരുവനന്തപുരത്തെയും ബംഗളൂരൂവിലെയും വീട്ടിൽ പരിശോധന നടത്തിയതോടെയാണ് സൂചന ലഭിച്ചത്.