കിഴക്കേകോട്ടയിലെ ട്രാഫിക് പരിഷ്‌കരണത്തിൽ പ്രതിഷേധം; സർവീസ് നിർത്തി സ്വകാര്യ ബസുകൾ

Monday 29 September 2025 11:28 AM IST

തിരുവനന്തപുരം: കിഴക്കേകോട്ടയിലെ ട്രാഫിക് പരിഷ്‌കരണത്തിൽ പ്രതിഷേധിച്ച് നഗരത്തിൽ സർവീസ് നിർത്തി സ്വകാര്യ ബസുകൾ. പിഡബ്ല്യൂഡി റോഡിൽ കെഎസ്ആർടിസി ബാരിക്കേഡ് സ്ഥാപിച്ചതാണ് സ്വകാര്യ ബസുടമകളെയും ജീവനക്കാരെയും പ്രകോപിപ്പിച്ചത്. പ്രതിഷേധക്കാരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

'ഞങ്ങൾക്ക് 1993ലാണ് ഇവിടെ പെർമിറ്റ് കിട്ടുന്നത്. അന്ന് മുതൽ കെഎസ്ആർടി സിയും ഞങ്ങളും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സ്‌റ്റോപ്പാണ് അത്. 2016ൽ ഇവർ ബാരിക്കേഡ് വച്ചു. ഇതോടെ അപകട മരണം വർദ്ധിച്ചു. ഇതിനുപിന്നാലെ കളക്ടർ അടക്കമുള്ളവർ ബാരിക്കേഡ് പൊളിച്ചുമാറ്റാൻ തീരുമാനിച്ചു. ബാരിക്കേഡ് പൊളിച്ചുമാറ്റുകയും ചെയ്തു. എന്നാൽ രണ്ട് മാസത്തിന് ശേഷം വീണ്ടും ബാരിക്കേഡ് സ്ഥാപിച്ചു. ആളുകൾക്ക് കയറിയിറങ്ങിപ്പോകാൻ ഗ്യാപ്പുണ്ടായിരുന്നു. ഇപ്പോൾ അത് പൂർണമായും അടച്ചു.

ഇവർക്ക് 2008ൽ പട്ടയം പതിച്ചുകൊടുത്തു. പുറംപോക്കാണ് പതിച്ചുകൊടുത്തത്. അപകടങ്ങൾ ഉണ്ടായപ്പോൾ കെഎസ്ആർടിസിയെല്ലാം ഇവിടെ നിന്ന് ഡിപ്പോകളിലേക്ക് മാറ്റണമെന്ന ഉത്തരവുണ്ട്. പിന്നെ എങ്ങനെയാണ് ഇവർ ഇവിടെ കൈയേറിയത്. കളക്ടർ അടക്കമുള്ളവർക്ക് വിവരാവകാശ രേഖകളെല്ലാം കൊടുത്തതാണ്. എന്നിട്ടും ആരുടെ ഉത്തരവിലാണ് ഈ പരിഷ്‌കരണമെന്ന് ഞങ്ങൾക്ക് അറിയണം.'- സ്വകാര്യ ബസുടമകൾ പറഞ്ഞു. ഇത് കരം കെട്ടുന്ന സ്ഥലമാണെന്നും സ്വകാര്യ ബസുകൾക്ക് ഇവിടെ വാഹനം നിർത്താനുള്ള പെർമിറ്റില്ലെന്നുമാണ് കെ എസ് ആർ ടി സി ജീവനക്കാർ പറയുന്നത്.