'സന്നിധാനത്ത് എന്തുണ്ടെന്ന് പരിശോധിക്കണം'; സ്വർണപ്പാളി വിവാദത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. വിഷയം വിരമിച്ച ജഡ്‌ജി അന്വേഷിക്കണമെന്നാണ് നിർദേശം. ജസ്റ്റിസ് രാജ വിജയരാഘവൻ ഉൾപ്പെട്ട ദേവസ്വം ബെഞ്ചിന്റേതാണ് നിർദേശം. വിഷയവുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മിഷണർ ഹാജരായി കോടതിയെ വിവരങ്ങൾ അറിയിച്ചിരുന്നു. ശബരിമല സന്നിധാനത്തെ മുഴുവൻ കാര്യങ്ങൾ സംബന്ധിച്ചും വിശദമായ പരിശോധന വേണമെന്നും കോടതി വ്യക്തമാക്കി.
സ്വർണപ്പാളി അടക്കമുള്ള വിഷയങ്ങളിൽ ഒരുപാട് ദുരൂഹതകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കണക്കുകളിൽ അവ്യക്തതയും സംശയവും നിലനിൽക്കുന്നുണ്ട്. ഇത് നീക്കേണ്ടതുണ്ട്. സന്നിധാനത്തെ രജിസ്റ്ററുകൾ പൂർണമല്ല. സന്നിധാനത്ത ആഭരണങ്ങൾ അടക്കമുള്ള കാര്യങ്ങളിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. അതിനാൽതന്നെ ജില്ലാ ജഡ്‌ജി റാങ്കിൽ വിരമിച്ച ജഡ്‌ജി ഇക്കാര്യം അന്വേഷിക്കണം. അന്വേഷണത്തിന് രഹസ്യസ്വഭാവം ഉണ്ടായിരിക്കണം.
സ്വർണപ്പാളിയിൽ സ്വർണം പൂശിയതിലടക്കം സംശയമുണ്ട്. സ്ട്രോംഗ് റൂമിലെ വസ്തുക്കളുടെ കണക്കെടുക്കണം. സന്നിധാനത്ത് എന്തുണ്ടെന്ന് വ്യക്തവരുത്തണം. തിരുവാഭരണം രജിസ്റ്റർ ഉൾപ്പെടെ പരിശോധിക്കണം. ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്ന് പിഴവുണ്ടായെങ്കിൽ അത് അറിയിക്കണം. അന്വേഷണത്തിനായി വിരമിച്ച ജില്ലാ ജഡ്‌ജിയെ ദേവസ്വം ബോർഡിന് ശുപാർശ ചെയ്യാമെങ്കിലും നിയമനം നടത്തുന്നത് കോടതിയായിരിക്കും. വിജിലൻസ് സംഘം വിശദമായ അന്വേഷണം തുടരണം. അന്വേഷണ റിപ്പോർട്ട് കോടതിക്ക് നൽകണം. ഇതുസംബന്ധിച്ച വിവരങ്ങൾ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർക്ക് നൽകരുതെന്നും കോടതി പറഞ്ഞു. കേസ് അടുത്തമാസം 15ന് വീണ്ടും പരിഗണിക്കും.
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണപ്പാളികളും താങ്ങുപീഠങ്ങളും 2019ൽ നവീകരിച്ചു തിരിച്ചെത്തിച്ചപ്പോൾ സ്വർണവും ചെമ്പുമടക്കം നാലു കിലോയുടെ കുറവുണ്ടായതിലാണ് വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. ഇളക്കിയ സമയത്ത് 42.800 കിലോയാണ് രേഖപ്പെടുത്തിയത്. തിരിച്ചെത്തിച്ച് ഘടിപ്പിച്ചപ്പോൾ 38.653 കിലോയായി കുറയുകയായിരുന്നു. ചെമ്പ് ആവരണങ്ങളിലും താങ്ങുപീഠങ്ങളിലും 1999ൽ തന്നെ സ്വർണാവരണം (ക്ലാഡിംഗ്) ഉണ്ടായിരുന്നെന്ന് കോടതി കണ്ടെത്തിയിരുന്നു. പെട്രോൾ പോലെ, സ്വർണം ആവിയാകുന്നതെങ്ങനെയെന്നും കോടതി ചോദിച്ചു.