ഒരുകാലത്ത് കീശയിൽ പണം നിറച്ചു; ഇപ്പോൾ കായലിൽ ഒന്നിനെപ്പോലും കാണാനില്ല, ഇങ്ങനെ പോയാൻ പണികിട്ടുന്നത് ഇക്കൂട്ടർക്ക്

Monday 29 September 2025 12:38 PM IST

കോട്ടയം: പ്രതിവർഷം കുറഞ്ഞു കൊണ്ടിരിക്കുന്ന ആറ്റുകൊഞ്ചിനെ ഇക്കുറി വേമ്പനാട്ട് കായലിലെ മത്സ്യ കണക്കെടുപ്പിൽ കണ്ടേയില്ല. കൊഞ്ചിന്റെ തിരോധാനം കായലിന്റെ സ്വാഭാവികാവസ്ഥയ്ക്ക് വന്ന വ്യതിയാനമായാണ് ഗവേഷകർ കാണുന്നത്. അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻഡ് ദ് എൻവയൺമെന്റ്, കമ്യൂണിറ്റി എൻവയൺമെന്റൽ റിസോഴ്സ് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ സംസ്ഥാന തണ്ണീർത്തട അതോറിട്ടിയുടെ സഹായത്തോടെയായിരുന്നു കണക്കെടുപ്പ്. കുമരകം, കുട്ടനാട് മേഖലകളിലും കുട്ടനാട്ടിലെ പമ്പാനദിയുടെ ഭാഗങ്ങളിലുമായി 15 സ്ഥലങ്ങളിലായിരുന്നു കണക്കെടുപ്പ്. കായലിൽ ആറ്റുകൊഞ്ച് കുറഞ്ഞുവരികയാണെന്ന് ഗവേഷകർ മുൻപ് സൂചിപ്പിച്ചിരുന്നെങ്കിലും ഒന്നിനെപ്പോലും കാണാൻ കിട്ടാതിരുന്നത് ആദ്യമായാണ്.

എണ്ണവും അളവും കുറഞ്ഞു

ചിറകുള്ള (ഫിൻ) 58 ഇനം മത്സ്യങ്ങളെയും തോട് (ഷെൽ) ഉള്ള മൂന്നിനം മത്സ്യങ്ങളെയുമാണ് കണ്ടെത്തിയത്. കഴിഞ്ഞ വർഷം ആകെ 89 ഇനം മീനുകളെ കണ്ടെത്തിയിരുന്നു. അതിൽ 11 ഇനം തോടുള്ളവയായിരുന്നു. അവയുടെ എണ്ണത്തിലും തൂക്കത്തിലും വലിയ കുറവാണുണ്ടായത്. പൂർണ വളർച്ചയെത്തിയ ആറ്റുകൊഞ്ചിന് 700 - 800 ഗ്രാം വരെ ഭാരമുണ്ടാകും. എന്നാൽ കഴിഞ്ഞ വർഷത്തെ കണക്കെടുപ്പിൽ 300 ഗ്രാം മാത്രം ഭാരമുള്ളവയെയാണ് കണ്ടത്.

വരുത്തിവച്ച വിന

കായലിൽ ഉപ്പുരസം മൂന്നിരട്ടിയായി

വേമ്പനാട് അഞ്ച് നദികളുടെ കുപ്പത്തൊട്ടി

വെള്ളത്തിന്റെ ഗുണനിലവാരം കുറഞ്ഞു

 കായലിൽ കീടനാശിനി സാന്നിദ്ധ്യം കൂടി

പോള നിറയുന്നത് വലിയ പാരിസ്ഥിതിക പ്രശ്നം

 കോളിഫോം ബാക്ടീരിയയുടെ അളവ് വർദ്ധിച്ചത്

 ഹൗസ് ബോട്ടുകളുടെ അശാസ്ത്രീയ മാലിന്യ സംസ്‌കരണം

'' കായൽ സംരക്ഷണത്തിന് അടിയന്തര നടപടി വേണം. മറ്റ് മത്സ്യങ്ങളേയും ജീവികളേയും വൈകാതെ പൂർണമായും ബാധിക്കും.

-ഗവേഷകർ