സംസ്ഥാനത്ത് നാളെ മുതൽ മൂന്ന് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; യാത്ര ചെയ്യുന്നവർ ഉൾപ്പെടെ ശ്രദ്ധിക്കൂ

Monday 29 September 2025 2:45 PM IST

തിരുവനന്തപുരം: സെപ്‌തംബർ 30 മുതൽ ഒക്‌ടോബർ രണ്ട് വരെ അടുപ്പിച്ച് മൂന്ന് ദിവസം കേരളത്തിലെ ബാങ്കുകൾ അടഞ്ഞുകിടക്കും. സെപ്‌തംബർ 30 - ദുർഗാഷ്‌ടമി, ഒക്‌ടോബ‌ർ ഒന്ന് - മഹാനവമി, ഒക്‌ടോബർ രണ്ട് - ഗാന്ധി ജയന്തി എന്നിങ്ങനെയാണ് അവധികൾ.

അതിനാൽ, ഈ ആഴ്‌ച ബാങ്ക് സംബന്ധമായ ആവശ്യങ്ങളുള്ളവർ ജാഗ്രത പാലിക്കണം. അടിയന്തര ആവശ്യങ്ങൾക്കായി നേരത്തേ തന്നെ പണമെടുത്ത് സൂക്ഷിക്കുക. ഇതിൽ പലതും ദേശീയ അവധി ആയതിനാൽ യാത്ര ചെയ്യുന്നവരും ശ്രദ്ധിക്കണം. എടിഎമ്മിൽ പണം തീരാൻ സാദ്ധ്യതയുള്ളതിനാൽ കയ്യിൽ ആവശ്യത്തിന് പണം കരുതുക. അടുപ്പിച്ചുള്ള അവധിയായതിനാൽ എടിഎമ്മിൽ സമയത്തിന് പണം നിറയ്‌ക്കണമെന്നില്ല.

നേരത്തേ സംസ്ഥാനത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സെപ്‌തംബർ 30ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്‌ച വൈകിട്ട് പൂജ വയ്‌ക്കുന്നതിനാലാണ് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, 30ന് നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ നിയമസഭയുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് അവധി ബാധകമല്ല.