 ഹോക്കി ടർഫ് ഉദ്ഘാടനം പറഞ്ഞില്ല, ഒരു വാക്കുപോലും

Tuesday 30 September 2025 12:02 AM IST

 ഹോക്കി താരങ്ങൾക്കും

അസോ. ഭാരവാഹികൾക്കും അതൃപ്തി

കൊച്ചി: ഹോക്കി സ്‌റ്റേഡിയത്തിനായി സമര പരമ്പരകൾ. നിർമ്മാണം വേഗത്തിലാക്കാൻ ഇടപെടലുകൾ. ഒടുവിൽ കായിക കേരളത്തിന് തലയെടുപ്പായ സിന്തറ്റിക് ടർഫ് ഉദ്ഘാടനത്തിന് ഹോക്കി അസോസിയേഷനെയും ഹോക്കി താരങ്ങളെയും പാടെ അവഗണിച്ചു. പരിപാടിയിലേക്ക് അനൗദ്യോഗികമായി പോലും ക്ഷണിക്കാത്തതിന്റെ നീരസത്തിലാണ് അസോസിയേഷൻ.

2013ൽ കെ.എം.ആർ.എൽ മെട്രോ സ്റ്റേഷന്റെ നിർമ്മാണങ്ങൾക്കായി മഹാരാജാസ് കോളേജ് ഹോക്കി ഗ്രൗണ്ട് ഏറ്റെടുത്തതോടെയാണ് തകർന്ന് തരിപ്പണമായത്. തിരികെ കൈമാറുമ്പോൾ മികച്ച ഗ്രൗണ്ടായിരുന്നു വാഗ്ദാനം. സ്റ്റേഷൻ നിർമ്മാണം പൂർത്തിയായതോടെ ഗ്രൗണ്ട് പാർക്കിംഗിനായി അനുവദിക്കണമെന്നായി. കോളേജ് അധികൃതരും വിദ്യാർത്ഥികളും എതിർത്തു. തുടർന്ന് ഗ്രൗണ്ട് നവീകരണത്തിൽ നിന്ന് കെ.എൽ.ആർ.എൽ ഫണ്ടില്ലെന്ന പേരിൽ പിന്മാറി.

എറണാകുളം ഹോക്കി ലൗവേഴ്‌സിന്റെ ആഭിമുഖ്യത്തിൽ ഹോക്കി താരങ്ങൾ പ്രത്യക്ഷ സമരത്തിന് ഇറങ്ങി. ലോക ഒളിമ്പിക്‌സ് ദിനത്തിൽ ഒരു കൈയിൽ ഹോക്കി സ്റ്റിക്കും മറുകൈയിൽ നെൽവിത്തുകളുമായി നടത്തിയ സമരം അധികൃതരുടെ കണ്ണുതുറപ്പിച്ചു. പക്ഷേ രണ്ട് വർഷം വേണ്ടിവന്നു പുതിയ ഗ്രൗണ്ടിന് ഫണ്ട് അനുവദിക്കാൻ. സർക്കാർ 6.3 കോടി രൂപ അനുവദിച്ചത് ഹോക്കി താരങ്ങളുടെ നിരന്തര പോരാട്ടമുണ്ടായിരുന്നു. 9.5 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിലാണ് ടർഫ് പൂർത്തിയായിട്ടുള്ളത്.

ഞായറാഴ്ച ഹോക്കി ടർഫിന്റെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി ആർ. ബിന്ദു നിർവഹിച്ചു. മഹാരാജാസ് കോളേജിലെ ജി.എൻ.ആർ ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ്, ടി.ജെ. വിനോദ് എം.എൽ.എ, മേയർ എം. അനിൽകുമാർ, വാർഡ് കൗൺസിലർ പത്മജ. എസ്. മേനോൻ തുടങ്ങിയവർ പങ്കെടുത്തു.

ഔദ്യോഗിക ക്ഷണം ഉണ്ടായിരുന്നില്ലെന്നത് ശരിയാണ്. നമ്മുക്ക് ഒരു ഹോക്കി ഗ്രൗണ്ട് കിട്ടിയല്ലോ. അതാണ് വലിയ കാര്യം. സുനിൽകുമാർ പ്രസിഡന്റ് കേരള ഹോക്കി