സി.പി.ഐയിലെ പൊട്ടിത്തെറി; നേതൃത്വത്തിന് തലവേദന

Monday 29 September 2025 6:35 PM IST

കൊച്ചി: ജില്ലയിലെ സി.പി.ഐയിൽ വിഭാഗീയതയുടെ മഞ്ഞുരുകുന്നുവെന്ന തോന്നൽ അസ്ഥാനത്താക്കിയുള്ള പൊട്ടിത്തെറി പാർട്ടി സംസ്ഥാന നേതൃത്വത്തിന് തലവേദനയായി. സി.പി.ഐ പറവൂർ, കളമശേരി മണ്ഡലങ്ങളിലെ നേതാക്കളടക്കം അമ്പതോളം പേരാണ് ഇന്നലെ സി.പി.എമ്മിലേക്ക് കൂടുമാറിയത്. മുൻകാലങ്ങളിൽ ജില്ലയിൽ നിലനിന്ന ഔദ്യോഗിക കാനം പക്ഷവും പി. രാജു പക്ഷവും തമ്മിലുള്ള ഭിന്നത കഴിഞ്ഞ തവണത്തെ സമ്മേളനത്തോടെ മറനീക്കി പുറത്തു വന്നതാണ്. തമ്മിലടി കൈവിട്ടപ്പോൾ സംസ്ഥാന നേതൃത്വത്തിന് ഇടപെടേണ്ടിവന്നു. കെട്ടടങ്ങിയ വിഭാഗീയത പി. രാജുവിന്റെ മരണത്തോടെ വീണ്ടും മറനീക്കി. മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിൽ നടപടി നേരിടുന്നതു വരെയെത്തി. സംസ്ഥാന സമ്മേളനത്തിൽ രാജു പക്ഷക്കാരനായ കെ.എൻ. സുഗതനെ സംസ്ഥാന കൗൺസിലിൽ ഉൾപ്പെടുത്തുകയും സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗമാക്കുകയും ചെയ്തതോടെ പ്രശ്‌നങ്ങൾ താത്കാലികമായി അവസാനിച്ചെന്നായിരുന്നു നേതൃത്വത്തിന്റെ വിലയിരുത്തൽ. എന്നാൽ, പി. രാജു വിഷയം, വിഭാഗീയത, കമലാ സദാനന്ദന്റെയും കെ.എം. ദിനകരന്റെയും ശബ്ദസന്ദേശ വിവാദം, സമ്മേളനകാല പരാതികളും നടപടിയും എന്നിവയിലൊന്നും വിമത പക്ഷത്തിന്റെ പരാതികൾ പരിഗണിക്കുകപോലും ചെയ്തില്ലെന്നും ഒരു വിഭാഗം മേൽക്കോയ്മയോടെ പെരുമാറുന്നുവെന്നതും ചൂണ്ടിക്കാട്ടിയാണ് നിലവിലെ പാർട്ടിവിട്ടു പോക്ക്. സി.പി.ഐയുടെ മുതിർന്ന നേതാവായിരുന്ന കെ.സി. പ്രഭാകരന്റെ മകളും പറവൂർ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ രമ ശിവശങ്കൻ, ജില്ലാ പഞ്ചായത്ത് അംഗവും കളമശേരി മണ്ഡലം മുൻ സെക്രട്ടറിയുമായ കെ.വി. രവീന്ദ്രൻ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അംഗവും പറവൂർ മണ്ഡലം മുൻ കമ്മിറ്റി അംഗവുമായ ഷെറൂബി സെലസ്റ്റിൻ എന്നിവരടക്കമാണ് പാർട്ടി വിട്ടത്. കെ.വി. രവീന്ദ്രൻ ജില്ലാ പഞ്ചായത്ത് അംഗത്വവും ഷെറൂബി സെലസ്റ്റിൻ ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും രാജി വച്ചു.

പാർട്ടി വിട്ടവരാരും നാളുകളായി അംഗത്വത്തിൽ ഇല്ലാത്തവരാണെന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ വിശദീകരണം. പാർട്ടി വിട്ട ജില്ലാ പഞ്ചായത്തംഗം മൂന്ന് വർഷം മുൻപ് ജില്ലാകമ്മിറ്റിയിൽ നിന്നും പുറത്തായതാണെന്നും അന്ന് മുതൽ പാർട്ടിയുമായി സഹകരണമില്ലെന്നും ഔദ്യോഗിക വിഭാഗം വിശദീകരിക്കുന്നു.

സി.പി.എം ഉന്നതനടക്കം

സി.പി.ഐയിലെത്തും: എൻ. അരുൺ

പ്രവർത്തകർ സി.പി.എമ്മിൽ ചേർന്നെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നും അങ്ങനെയുള്ളവരെ സ്വീകരിക്കാൻ സി.പി.എം ജില്ലാ സെക്രട്ടറി പങ്കെടുത്തത് അനുചിതമായെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അരുൺ പറഞ്ഞു. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ടും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന കെ.ബി. സോമശേഖരൻ ഉൾപ്പെടെയുള്ളവരും മറ്റ് പാർട്ടികളിൽ നിന്നുള്ളവരും ഒക്ടോബർ ആറിന് പറവൂരിൽ സി.പി.ഐയിലേക്കെത്തുമെന്നും അരുൺ പറഞ്ഞു.