വിവാഹം കഴിക്കാന്‍ മോഹിച്ച് 'സുന്ദരിയായ' 42കാരി; അനുയോജ്യനായ വരനെ കിട്ടാന്‍ വ്യത്യസ്ത മാര്‍ഗം

Monday 29 September 2025 7:12 PM IST

വിവാഹം കഴിക്കാന്‍ പറ്റിയ ഒരു വരനെത്തേടിയുള്ള കാത്തിരിപ്പ് നീണ്ടതോടെ വ്യത്യസ്തമായ മാര്‍ഗവുമായി രംഗത്ത് വന്നിരിക്കുകയാണ് യുവതി. സംഭവം അങ്ങ് അമേരിക്കയിലാണ്, 42കാരിയായ ലിസ കാറ്റലാനോയാണ് കഥയിലെ നായിക. ഒരു വിവാഹം കഴിക്കാനുള്ള ആഗ്രഹത്തില്‍ തനിക്ക് പറ്റിയ പങ്കാളിയെ പരിചയക്കാരില്‍ നിന്ന് കണ്ടെത്താന്‍ കഴിയാതെ വന്നതോടെ സ്വന്തമായി ഒരു വെബ്‌സൈറ്റ് ഉണ്ടാക്കുകയും അതുവഴി പരസ്യം ചെയ്യുകയുമാണ് ലിസ ചെയ്തത്. അവിടെ തീര്‍ന്നില്ല യുവതിയുടെ സാഹസികത.

തന്റെ വെബ്‌സൈറ്റ് ആയ 'മാരി ലിസ ഡോട് കോമിന്റെ' പരസ്യം നഗരത്തിലും ഹൈവേകളുടെ ഇരുവശങ്ങളിലുമുള്ള ബില്‍ ബോര്‍ഡുകളിലും പരസ്യം ചെയ്തിരിക്കുകയാണ് ലിസ ഇപ്പോള്‍. കാണുന്നവരില്‍ ചിലര്‍ക്കെങ്കിലും സംഗതി ഒരു തമാശയായി തോന്നുമെങ്കിലും താന്‍ പണം ചെലവാക്കി ഇത്തരമൊരു നീക്കം നടത്തിയത് വിവാഹിതയാകുകയെന്ന ലക്ഷ്യത്തോടെ തന്നെയാണെന്നാണ് ലിസ പറയുന്നത്.

'എനിക്ക് എന്റെ ഭര്‍ത്താവിനെ കണ്ടെത്തണം' -ലിസ പറഞ്ഞു. ഹൈവേയ്ക്കരികില്‍ വലിയ ബോര്‍ഡുകളില്‍ പരസ്യം ചെയ്യാന്‍ താന്‍ എത്ര പണം മുടക്കി എന്ന് ലിസ വെളിപ്പെടുത്തിയിട്ടില്ല. ടാക്സി കാറുകള്‍ക്ക് മുകളിലും പരസ്യം ചെയ്യാനാണ് ലിസയുടെ തീരുമാനം. ലിസ മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ പാലിക്കുന്നയാളാകണം വരന്‍. തന്നെ കുറിച്ചുള്ള വിവരങ്ങളും താന്‍ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്ന ആള്‍ക്കുണ്ടാകേണ്ട യോഗ്യതകളുമെല്ലാം ലിസ വെബ്സൈറ്റില്‍ വ്യക്തമായി പറയുന്നുണ്ട്.

35നും 45നും ഇടയില്‍ പ്രായമുള്ളവരെയാണ് ലിസ ഭര്‍ത്താവായി നോക്കുന്നത്. രാഷ്ട്രീയം, മതം എന്നീ വിഷയങ്ങളില്‍ താനുമായി ചേര്‍ന്ന് പോകുന്ന ആളായിരിക്കണം പങ്കാളി. അതുപോലെ തന്നെ ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ചിട്ടയുള്ള ജീവിതശൈലി പിന്തുടരുന്ന ആളായിരിക്കുകയും വേണം എന്നതും പ്രധാന നിബന്ധനയാണ്.