@ പൂഴിത്തോട്- പടിഞ്ഞാറത്തറ ബദൽപാത നിർമ്മാണ ഏകോപനത്തിന് നോഡൽ ഓഫീസർമാർ

Tuesday 30 September 2025 12:07 AM IST
പൂഴിത്തോട്- പടിഞ്ഞാറത്തറ

കോഴിക്കോട്: കോഴിക്കോട് - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പൂഴിത്തോട് - പടിഞ്ഞാറത്തറ ബദൽപാത നിർമ്മാണത്തിന് വേഗത കെെവരുന്നു. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രാഥമിക പ്രവർത്തനം ഏകോപിപ്പിക്കാൻ നോഡൽ ഓഫീസർമാരെ നിയോഗിച്ചു. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഈയിടെ സർവേ നടപടികൾ പൂർത്തിയാക്കിയിരുന്നു. പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളുടെ ഏകോപനത്തിന് കോഴിക്കോട് നിരത്തുവിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ വി.കെ. ഹാഷിം, മറ്റ് വകുപ്പുകളുമായുള്ള ഏകോപനത്തിന് പൊതുമരാമത്ത് വകുപ്പ് അഡീഷണൽ സെക്രട്ടറി എ ഷിബു എന്നിവരെയാണ് ചുമതലപ്പെടുത്തിയത്. ഒക്ടോബർ 15നകം റോഡിന്റെ അലൈൻമെന്റ് പൂർത്തിയാക്കാൻ മന്ത്രി നിർദ്ദേശം നൽകി. ഒക്ടോബർ 25നകം പ്രാഥമിക ഡി.പി.ആർ തയ്യാറാക്കാനും നിർദ്ദേശിച്ചു. പ്രാഥമിക ഡി.പി.ആറിന് ശേഷം വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കും. പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാനാണ് മന്ത്രിയുടെ നിർദ്ദേശം. യോഗത്തിൽ അഡീഷണൽ സെക്രട്ടറി എ.ഷിബു, നിരത്ത് വിഭാഗം ചീഫ് എൻജിനിയർ അജിത്ത് രാമചന്ദ്രൻ, ഡിസൈൻ വിഭാഗം ചീഫ് എൻജിനിയർ സുജാറാണി, എക്സിക്യുട്ടീവ് എൻജിനിയർ വി.കെ.ഹാഷിം എന്നിവർ പങ്കെടുത്തു.

  • സാദ്ധ്യതാ പഠനം 2024ൽ
  • 2024 മാർച്ചിലാണ് ബദൽ റോഡിന്റെ സാദ്ധ്യതാപഠനത്തിന് സംസ്ഥാന സർക്കാർ 1.5 കോടി രൂപ അനുവദിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കായിരുന്നു സർവേ ചുമതല. വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ ഭാഗത്ത് വനത്തിനകത്തും പുറത്തുമായുള്ള സർവേ നടപടികൾ മാസങ്ങൾക്കു മുമ്പേ പൂർത്തിയായതാണ്. പൂഴിത്തോട്, വന്യജീവി സങ്കേതത്തിന്റെ ഭാഗമായതിനാൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി വൈകിയതാണ് സർവേ വെെകാൻ കാരണം. പൂഴിത്തോട് ഭാഗത്ത് പുറത്തുനിന്നുള്ള സർവേ നടത്തിയിരുന്നു. ഇപ്പോൾ അഞ്ചു കിലോമീറ്റർ വനത്തിനുള്ളിലാണ് ജി .പി.എസ് സർവേയും ഡ്രോൺ സർവേകൾ നടത്തിയത്. 1994ൽ മുഖ്യമന്ത്രി കെ. കരുണാകരൻ പടിഞ്ഞാറത്തറയിലും പൊതുമരാമത്ത് മന്ത്രി പി.കെ .കെ ബാവ പൂഴിത്തോടും തറക്കല്ലിട്ട പദ്ധതിയാണിത്.

കോഴിക്കോട്, വയനാട് ജില്ലകളിലെ ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതി സാദ്ധ്യമാക്കുന്നതിന് എല്ലാ പരിശ്രമങ്ങളും പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകും.

-മന്ത്രി പി.എ. മുഹമ്മദ് റിയാസ്