മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് ടൊവിനോ തോമസ്,​ പിണറായി വിജയന്റെ മറുപടി ഇങ്ങനെ

Monday 29 September 2025 8:20 PM IST

തിരുവനന്തപുരം: പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കുന്നതിനായി നടപ്പാക്കുന്ന ' മുഖ്യമന്ത്രി എന്നോടൊപ്പം ' (സി.എം വിത്ത് മി)​ സിറ്റിസൺ കണക്ട് സെന്റർ പ്രവർത്തനം ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർ‌വഹിച്ചു. നടൻ ടൊവിനോ തോമസ് ആയിരുന്നു ആദ്യ കോൾ വിളിച്ചത്. ഈ പരിപാടി സ്വാഗതാർഹമാണെന്ന് ടൊവിനോ പറഞ്ഞു. അഭിപ്രായം വിലപ്പെട്ടതെന്ന് മുഖ്യമന്ത്രിയും മറുപടി നൽകി 18004256789 എന്ന ടോൾ ഫ്രീ നമ്പരിലാണ് സേവനം ലഭ്യമാകുക.

ഭരണസംവിധാനത്തിന്റെ പരമമായ ഉത്തരവാദിത്തം ജനങ്ങളോടാണെന്നും ഈ തത്വം അക്ഷരാർത്ഥത്തിൽ നടപ്പാക്കേണ്ടതുണ്ട് എന്ന ബോദ്ധ്യത്തോടെയാണ് എൽ.ഡി.എഫ് സർക്കാർ പത്ത് വർഷത്തോളമായി പ്രവർത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം പരിപോഷിപ്പിക്കുക, ജനങ്ങളുടെ അഭിപ്രായങ്ങൾ ഉൾക്കൊള്ളുക, ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, സർക്കാരിന്റെ പരിപാടികളും പദ്ധതികളും ജനങ്ങളിൽ എത്തിക്കുക എന്നിവ ലക്ഷ്യമിട്ടാണ് 'മുഖ്യമന്ത്രി എന്നോടൊപ്പം' സിറ്റിസൺ കണക്ട് സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിനാണ് സിറ്റിസൺ കണക്ട് സെന്ററിന്റെ നടത്തിപ്പ്, മേൽനോട്ട ചുമതല. കിഫ്ബിയാണ് അടിസ്ഥാന, സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നത്.

വെള്ളയമ്പലത്തെ പഴയ എയർ ഇന്ത്യ ഓഫീസിൽ നടന്ന ചടങ്ങിൽ മന്ത്രി കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ.കൃഷ്ണൻകുട്ടി, എ.കെ .ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി. ഗണേഷ്‌കുമാർ, വി.ശിവൻകുട്ടി, ജി.ആർ. അനിൽ എന്നിവർ മുഖ്യാതിഥികളായി.