ക്രീസിലെത്തിയത് ഒടിഞ്ഞ കൈയുമായി; അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ക്രിസ് വോക്‌സ്

Monday 29 September 2025 8:28 PM IST

ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ക്രിസ് വോക്‌സ് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു. പരിക്ക് കാരണം ആഷസ് പരമ്പരയില്‍ കളിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് 36കാരനായ ബൗളിംഗ് ഓള്‍റൗണ്ടര്‍ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ഇന്ത്യക്കെതിരെ ഓവലില്‍ കളിച്ച അവസാന ടെസ്റ്റില്‍ താരത്തിന്റെ പോരാട്ട വീര്യം വലിയ കൈയടികള്‍ നേടിയിരുന്നു. ഒരു കൈ ഒടിഞ്ഞിട്ടും അതില്‍ ആം സ്ലിംഗ് ധരിച്ച് ഓവര്‍കോട്ടിനുള്ളില്‍ ആക്കിയ ശേഷം ഒരു കയ്യില്‍ ബാറ്റുമായി ഗ്രൗണ്ടിലേക്ക് വന്ന വോക്‌സിനെ ക്രിക്കറ്റ് ആരാധകര്‍ അത്ര വേഗം മറക്കില്ല.

''ഒടുവില്‍ ആ നിമിഷം എത്തിയിരിക്കുന്നു, അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങാനുള്ള ഏറ്റവും നല്ല സമയമായി ഞാന്‍ ഇതിനെ കാണുന്നുവെന്നാണ് താരം പ്രസ്താവനയില്‍ പറഞ്ഞത്. ഇംഗ്ലണ്ടിനായി കളിക്കുകയെന്നത് കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു. ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. ഇംഗ്ലണ്ട് ജേഴ്‌സിയണിഞ്ഞ് കളത്തിലുണ്ടായിരുന്ന കഴിഞ്ഞ 15 വര്‍ഷം എനിക്ക് ജീവിതത്തിലെ ഏറ്റവും മികച്ച സുഹൃത്തുക്കളെ സമ്മാനിച്ചു. വളരെ അഭിമാനത്തോടെയാണ് ഈ കളിജീവിതത്തെ നോക്കിക്കാണുന്നത്.

2011ല്‍ ഓസ്‌ട്രേലിയക്കെതിരെ അരങ്ങേറ്റം കുറിച്ച ദിവസം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. നല്ല കാര്യങ്ങളിലേര്‍പ്പെടുമ്പോള്‍ സമയം വളരെ വേഗത്തില്‍ പോകുമല്ലോ, രാജ്യത്തിനായി രണ്ട് ലോകകപ്പുകള്‍ ഉയര്‍ത്താന്‍ കഴിഞ്ഞതിലും ഒപ്പം ചില മികച്ച ആഷസ് പരമ്പരകളില്‍ കളിക്കാന്‍ കഴിഞ്ഞതിലും എനിക്ക് സന്തോഷമുണ്ട്. ഇതൊന്നും ജീവിതത്തില്‍ ഒരിക്കലും യാഥാര്‍ത്ഥ്യമാകുമെന്ന് കരുതിയവയല്ല. ടീമിലെ സഹകളിക്കാര്‍ക്കൊപ്പമുള്ള ആഘോഷങ്ങള്‍ എന്നും മനസ്സിലുണ്ടാകും.'' - വോക്‌സ് പറഞ്ഞു.

ഇംഗ്ലണ്ടി വിജയികളായ 2019ലെ ഏകദിന ലോകകപ്പിലും 2022ലെ ട്വന്റി 20 ലോകകപ്പിലും ക്രിസ് വോക്‌സ് ടീമിന്റെ ഭാഗമായിരുന്നു. 122 ഏകദിന മത്സരങ്ങളില്‍ നിന്ന് 173 വിക്കറ്റുകളും, 33 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 31 വിക്കറ്റുകളും 62 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 192 വിക്കറ്റുകളും ഇംഗ്ലണ്ടിനായി സ്‌റ്റോക്‌സ് വീഴ്ത്തിയിട്ടുണ്ട്. ടെസ്റ്റില്‍ ഒരു സെഞ്ച്വറിയും ഏഴ് അര്‍ദ്ധ സെഞ്ച്വറികളും താരത്തിന്റെ പേരിലുണ്ട്.