@ ഹെൽപ്പ് ഡെസ്കിൽ ഒരാഴ്ചയ്ക്കിടെ 900 പരാതികൾ വന്യമൃഗങ്ങൾ വാഴും മലയോരം

Tuesday 30 September 2025 12:37 AM IST
വന്യമൃഗങ്ങൾ

കോഴിക്കോട്: മനുഷ്യ -വന്യജീവി സംഘർഷം പരിഹരിക്കാൻ വനംവകുപ്പ് ജാഗ്രത കാട്ടുമ്പോഴും മലയോരത്ത് കാട്ടുപന്നിശല്യം ഉൾപ്പെടെ പെരുകുന്നു. പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്രസർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിൽ സ്വന്തം നിലയ്ക്ക് പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയാണ് കേരളം. പഞ്ചായത്ത് തലത്തിൽ തന്നെ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനായി വനംവകുപ്പ് കോഴിക്കോട് ജില്ലയിൽ ഉൾപ്പെടെ ഈയിടെ തുടങ്ങിയ ഹെൽപ്പ് ഡെസ്കിൽ പരാതി പ്രവാഹമാണ്. ഹെൽപ്പ് ഡസ്ക് തുടങ്ങി ഒരാഴ്ചയ്ക്കിടെ കോഴിക്കോട് ഡിവിഷനിൽ ലഭിച്ചത് 900ഓളം പരാതികളാണ് . വടക്കൻ കേരളത്തിൽ ഏറ്റവുമധികം പരാതി ലഭിച്ചതും കോഴിക്കോട്ടാണ്. മനുഷ്യ- വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായാണ് പഞ്ചായത്ത് തലത്തിൽ ഹെൽപ്പ് ഡെസ്ക് തുടങ്ങിയത്. ഒന്നര മാസം നീളുന്നതാണ് പരിപാടി. മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പാക്കുക. ആദ്യഘട്ടം ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ മലയോര മേഖലയിലെ എല്ലാ പഞ്ചായത്തുകളിലും റെയിഞ്ച് ഓഫീസുകളിലും ഹെൽപ്പ് ഡെസ്കുണ്ട്. വന്യമൃഗ ശല്യത്തെ തുടർന്ന് കൃഷി ഉപേക്ഷിക്കേണ്ടി വന്ന പരാതിളാണ് കോഴിക്കോട്ടെ മലയോര കർഷകരിൽ നിന്ന് കൂടുതലും ലഭിച്ചത്. ചിലർക്ക് വീടൊഴിയേണ്ടിവന്നു. പമ്പുകടിയേറ്റ് മരണവും മലയണ്ണാൻ ശല്യവും മറ്റ് ഭീഷണികളാണ്. വാണിമേൽ, തിരുവമ്പാടി, കോടഞ്ചേരി, ചക്കിട്ടപാറ തു ടങ്ങിയ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ പരാതികൾ. വയനാട്, കണ്ണൂർ ജില്ലകളിലും ധാരാളം പരാതികൾ ഹെൽപ്പ് ഡെസ്കിലെത്തിയിട്ടുണ്ട്.

  • രണ്ടാംഘട്ടം നാളെ മുതൽ

നാളെ മുതൽ 15 വരെയാണ് വന്യമൃഗശല്യ ലഘൂകരണ യജ്ഞത്തിന്റെ രണ്ടാംഘട്ടം. പ്രശ്നങ്ങൾ പഞ്ചായത്തു തലത്തിൽ പരിഹരിക്കാനാണ് ആദ്യഘട്ടത്തിൽ ശ്രമിക്കുക. അതിന് കഴിയാത്തവ ജില്ലാതത്തിൽ പരിഹരിക്കാൻ ശ്രമിക്കും. ജില്ലാതലത്തിൽ പരിഹരിക്കാനാകാത്തവ സംസ്ഥാന തലത്തിൽ പരിഗണിക്കും. അവിടെയും പരിഹാരമായില്ലെങ്കിൽ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിലെത്തിക്കും.

  • പന്നിശല്യം കൂടുതുലുള്ള ചില സ്ഥലങ്ങൾ

കാവിലുംപാറ, ചക്കിട്ടപാറ, കൊട്ടൂർ, ഓമശ്ശേരി, കോടഞ്ചേരി, കട്ടിപ്പാറ, മുക്കം, മാവൂർ, തിരുവമ്പാ‌ടി, താമരശ്ശേരി....

  • 9 വർഷത്തിനി‌ടെ വെടിവച്ചുകൊന്ന പന്നികൾ.... 455
  • ഏറ്റവും കൂടുതൽ തിരുവമ്പാടിയിൽ.... 217

വന്യമൃഗ ശല്യം- കൂടുതൽ പരാതികളുള്ള റെയിഞ്ചുകൾ

(കോഴിക്കോട് ഡിവിഷൻ )

കുറ്റ്യാടി - 422

താമരശ്ശേരി - 254

പെരുവണ്ണാമൂഴി -151