'മത്സ്യബന്ധന യാനങ്ങളിൽ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം ഉടൻ'

Tuesday 30 September 2025 1:56 AM IST

കൊച്ചി: സമുദ്ര മത്സ്യബന്ധനം നിരീക്ഷിക്കാനും മീൻപിടിത്ത വിവരശേഖരണത്തിനും എല്ലാ മത്സ്യബന്ധന യാനങ്ങളിലും ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം ഉടൻ ഏർപ്പെടുത്തുമെന്ന് കേന്ദ്ര ഫിഷറീസ് സെക്രട്ടറി അഭിലാക്ഷ് ലിഖി. ഇന്ത്യൻ ഓഷ്യൻ ട്യൂണ കമ്മീഷനും (ഐ.ഒ.ടി.സി) ഫിഷറി സർവേ ഒഫ് ഇന്ത്യയും (എഫ്.എസ്.ഐ) സംഘടിപ്പിച്ച ഇന്ത്യൻ ഓഷ്യൻ ട്യൂണ കമ്മിഷൻ രാജ്യാന്തര ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യാന്തര വിപണിയിൽ ഇന്ത്യൻ മത്സ്യോത്പന്നങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാൻ ശാസ്ത്രീയ വിവരശേഖരണവും മാനേജ്മെന്റ് രീതികളും മെച്ചപ്പെടുത്തുകയാണ് നിരീക്ഷണം ലക്ഷ്യമിടുന്നത്. തത്സമയ നിരീക്ഷണത്തിനായി ഇതുവരെ പ്രധാനമന്ത്രി മത്സ്യ സമ്പത് യോജനയുടെ കീഴിൽ ഏകദേശം 36000 മത്സ്യബന്ധനയാനങ്ങളിൽ ഇതിനകം ട്രാൻസ്‌പോണ്ടറുകൾ സ്ഥാപിച്ചതായി അദ്ദേഹം പറഞ്ഞു.

ചൂര മത്സ്യബന്ധനത്തിനുള്ള ആഗോള ക്വാട്ട സംവിധാനം പുനർനിശ്ചയിക്കണമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് ആവശ്യപ്പെട്ടു. ഇന്ത്യൻ ഓഷ്യൻ ട്യൂണ കമ്മീഷൻ സെക്രട്ടേറിയറ്റ് അംഗം ലോറൻ നെൽസൺ സംസാരിച്ചു.