ജസ്റ്റിസ് ആശ കെ.എ.ടി ആക്ടിംഗ് ചെയർപേഴ്സൺ, അഡ്മിനിസ്ട്രേറ്റീവ് അംഗത്തെ നിയമിക്കാനുള്ള നീക്കം പാളി

Tuesday 30 September 2025 12:00 AM IST

 ചൂണ്ടിക്കാട്ടിയത് കേരളകൗമുദി

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (കെ.എ.ടി) ആക്ടിംഗ് ചെയർപേഴ്സണായി ജുഡിഷ്യൽ അംഗം ജസ്റ്റിസ് പി.വി.ആശയെ നിയമിച്ചു. അഡ്മിനിസ്ട്രേറ്റീവ് അംഗം ഡോ.പ്രദീപ്‌കുമാറിനെ ഇവിടെ നിയമിക്കാൻ ഐ.എ.എസ് ലോബി സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ശുപാർശയിൽ ഗവർണറുടെ ഉത്തരവ് പുറത്തിറങ്ങിയത്.

ജുഡിഷ്യൽ അംഗത്തിനു പകരം അഡ്മിനിസ്ട്രേറ്റീവ് അംഗത്തെ ആക്ടിംഗ് ചെയർപേഴ്സണാക്കാൻ പൊതുഭരണ വകുപ്പ് നീക്കം നടത്തുന്നതായി ഇന്നലെ കേരളകൗമുദി വാർത്ത നൽകിയിരുന്നു. പിന്നാലെ, മുഖ്യമന്ത്രി ഇടപെട്ടാണ് നിയമന ശുപാർശ ഗവർണർക്ക് കൈമാറിയത്. ഗവർണറുടെ ഉത്തരവ് പ്രകാരം അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.രാജൻ ഖോബ്രഗഡെയാണ് വിജ്ഞാപനം പുറത്തിറക്കിയത്.

ചെയർമാനായിരുന്ന ജസ്റ്റിസ് സി.കെ.അബ്ദുൽ റഹീം 5ന് വിരമിച്ച ഒഴിവിലേക്കാണ് ആക്ടിംഗ് ചെയർപേഴ്സണെ നിയമിച്ചത്. പുതിയ അദ്ധ്യക്ഷനെ നിയമിക്കുന്നതുവരെ ജസ്റ്റിസ് പി.വി.ആശ പദവിയിൽ തുടരും. ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ആശ 2021ലാണ് വിരമിച്ചത്.

കെ.എ.ടി ചെയർമാന്റെ ഒഴിവുണ്ടായാൽ ഏറ്റവും മുതിർന്ന ജുഡിഷ്യൽ അംഗത്തെയാണ് ആക്ടിംഗ് ചെയർപേഴ്സൺ ആക്കാറുള്ളത്. ഇത്തവണ നിലവിലുള്ള അംഗങ്ങളുടെ സീനിയോറിറ്റി അടിസ്ഥാനത്തിൽ നിയമനം നടത്തണമെന്ന് പൊതുഭരണ വകുപ്പ് നിലപാടെടുക്കുകയായിരുന്നു.

കേരളകൗമുദി ഇന്നലെ (29ന്) പ്രസിദ്ധീകരിച്ച വാർത്ത