ജി. സുകുമാരൻ നായരെ സന്ദർശിച്ച് പി.ജെ. കുര്യൻ, അനുനയിപ്പിക്കാൻ നീക്കം
കോട്ടയം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് എൻ.എസ്.എസ് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതിന് പിന്നാലെ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പ്രൊഫ.പി.ജെ. കുര്യൻ. സുകുമാരൻ നായരെ അനുനയിപ്പിക്കാൻ ലക്ഷ്യമിട്ട് കോൺഗ്രസിന്റെ ദൗത്യവുമായാണ് കുര്യൻ പെരുന്നയിൽ എത്തിയതെന്നാണ് സൂചന.
എന്നാൽ, അയ്യപ്പ സംഗമത്തെ പിന്തുണച്ച എൻ.എസ്.എസ് നിലപാടിൽ മാറ്റമില്ലെന്ന് സുകുമാരൻ നായർ ആവർത്തിച്ചതായാണ് വിവരം. ഞായറാഴ്ച വൈകിട്ട് മൂന്നരയ്ക്കായിരുന്നു സന്ദർശനം. വർഷങ്ങളായി സുകുമാരൻ നായരുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് കുര്യൻ. കൊടിക്കുന്നിൽ സുരേഷ് നേരത്തേ സുകുമാരൻ നായരെ സന്ദർശിച്ചിരുന്നു.
സുകുമാരൻ നായരുമായി സംസാരിച്ചപ്പോൾ എൻ.എസ്.എസ് രാഷ്ട്രീയ നിലപാട് എടുത്തിട്ടില്ല എന്നാണ് മനസിലായതെന്ന് കുര്യൻ പറഞ്ഞു. എന്നും കോൺഗ്രസിനെ പിന്തുണച്ചിട്ടുള്ള സംഘടനയാണ് എൻ.എസ്.എസ്. കോൺഗ്രസുമായി അത്രയും അടുപ്പമുണ്ട്.
എൽ.ഡി.എഫ് സർക്കാർ ശബരിമല വിഷയത്തിൽ തെറ്റ് തിരുത്തിയപ്പോൾ അത് നല്ലതെന്ന് മാത്രമാണ് സുകുമാരൻ നായർ പറഞ്ഞതെന്നും വ്യക്തമാക്കി.
വിജയദശമി സമ്മേളനം
ഒക്ടോബർ രണ്ടിന്
ചങ്ങനാശേരി എൻ.എസ്.എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിജയദശമി നായർ മഹാസമ്മേളനം ഒക്‌ടോബർ രണ്ടിന് പെരുന്ന എൻ.എസ്.എസ് ഹിന്ദു കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചയ്ക്ക് രണ്ടിന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഉദ്ഘാടനം ചെയ്യും. ഈ സമ്മേളനത്തിൽ സുകുമാരൻ നായർ രാഷ്ടീയ നിലപാടിൽ വിശദീകരണം നടത്തുമെന്ന് സൂചനയുണ്ട്.