വയോജനങ്ങൾ ഒറ്റയ്ക്കല്ല... 'ഫോൺ ഫ്രണ്ട്സിനെ'വിളിക്കാം; മിണ്ടിയും പറഞ്ഞുമിരിക്കാം

Tuesday 30 September 2025 12:00 AM IST

ആലപ്പുഴ: മിണ്ടാനാരുമില്ലാതെ വാർദ്ധക്യത്തിന്റെ ഏകാന്തതയിൽ വീർപ്പുമുട്ടേണ്ട. ഒറ്റയ്ക്ക് കഴിയുന്ന വയോധികർക്ക് മനസ് തുറക്കാൻ ഫോണിലൂടെ സുഹൃത്തുക്കളെ ലഭ്യമാക്കുന്ന 'സല്ലാപം" പദ്ധതിയുമായി സാമൂഹ്യനീതി വകുപ്പ്. 2025- 2026 സാമ്പത്തിക വർഷം പദ്ധതിക്കായി 4,95,750 രൂപ സർക്കാർ അനുവദിച്ചു. എൽഡർലൈൻ പദ്ധതിയുടെ ഭാഗമായി മാസങ്ങൾക്കുമുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സംരംഭം വിജയം കണ്ടതോടെയാണിത്.

വയോജനങ്ങൾക്ക് '14567" എന്ന എൽഡർ ഹെൽപ്പ് ലൈൻ നമ്പരിലേക്ക് വിളിച്ച് ഫോൺ ഫ്രണ്ടിനെ ആവശ്യപ്പെടാം. സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റിലെ ഹെൽപ്പ്ലൈൻ കോൾ ഓഫീസേഴ്സ്,​ കോൾ അറ്റന്റ് ചെയ്ത് കാര്യങ്ങൾ മനസിലാക്കും. ശേഷം ഓരോരുത്തരോടും സംസാരിക്കാൻ കഴിയുന്ന എം.എസ്.ഡബ്ലിയു വിദ്യാർത്ഥികളായ വോളന്റിയേഴ്സിന് കോൾ കൈമാറും. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് സേവനം. എത്രസമയം വേണമെങ്കിലും സംസാരിക്കാം. ആവശ്യമെങ്കിൽ ടെലി കൗൺസലർമാരുടെ പിന്തുണയും ലഭിക്കും. വിദേശത്തുള്ള മക്കളെ ഫോൺ വിളിക്കാനും വീഡിയോ കോൾ ചെയ്യാനും വോളന്റിയേഴ്സ് സഹായിക്കും. സങ്കടങ്ങളും പ്രശ്നങ്ങളും കേട്ട് ആശ്വാസം പകരുന്നതിനൊപ്പം നിയമ പ്രശ്നങ്ങൾക്ക് കെൽസ, പൊലീസ് സഹായത്തിന് പ്രശാന്തി, വൈദ്യ സഹായത്തിന് ദിശ തുടങ്ങിയവയുടെ സേവനങ്ങളും സല്ലാപം വഴി ലഭ്യമാക്കും.

ജില്ലയിൽ 5 ഫ്രണ്ട്സ്

സോഷ്യൽ വർക്ക് പഠിക്കുന്ന സന്നദ്ധ മനോഭാവമുള്ള വിദ്യാർത്ഥികളെയാണ് ഫോൺ ഫ്രണ്ടായി നിയോഗിക്കുന്നത്. ഇവർക്ക് ഐ.എം.ജി, നിഷ് എന്നിവിടങ്ങളിലെ പരിചയ സമ്പന്നരുടെ നേതൃത്വത്തിൽ ഒരു ദിവസത്തെ ഓൺലൈൻ പരിശീലനം നൽകും. ഒരു ജില്ലയിൽ നിന്ന് 5 വിദ്യാർത്ഥികളെ തിരഞ്ഞെടുക്കും. ആറുമാസമെങ്കിലും പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകും. ഫോൺ റീചാർജ് ചെയ്യാൻ ഓരോ വിദ്യാർത്ഥിക്കും മാസം 500 രൂപ വീതം നൽകും. വയോധികരെ നേരിട്ട് കാണേണ്ട സാഹചര്യത്തിൽ യാത്രാബത്ത ഉൾപ്പെടെ ജില്ലയ്ക്ക് പരമാവധി 63,​250 രൂപ ചെലവഴിക്കാം.

 പരീക്ഷണാടിസ്ഥാനത്തിൽ തന്നെ ദിവസം ശരാശരി 45- 50 കോളുകൾ വരുന്നുണ്ട്. പലരും സ്ഥിരമായി വിളിച്ച് സേവനം ആവശ്യപ്പെടുന്നുണ്ട്.

- എൽഡർ ഹെൽപ്പ് ലൈൻ,

സാമൂഹ്യനീതി വകുപ്പ്