മമ്മൂട്ടി നാളെ തിരിച്ചെത്തുന്നു, മോഹൻലാലിനൊപ്പം

Tuesday 30 September 2025 12:00 AM IST
f

കൊച്ചി: മലയാളത്തിന്റെ അഭിമാനം മമ്മൂട്ടി മാസങ്ങളുടെ ഇടവേളയ്‌ക്കു ശേഷം നാളെ ക്യാമറയ്‌ക്കു മുന്നിലെത്തും. ആദ്യ ലൊക്കേഷൻ ഹൈദരാബാദ്. ചിത്രം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്'. 17 വർഷത്തിനു ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നത്. ദാദ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ച മോഹൻലാലിനൊപ്പം മമ്മൂട്ടി വീണ്ടും സജീവമാകുന്നത് ഇരട്ടിമധുരമാണ് മലയാള സിനിമയ്ക്ക് സമ്മാനിക്കുക.

ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരടക്കം അണിനിരക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. ചികിത്സയ്‌ക്കു ശേഷം പൂർണാരോഗ്യം വീണ്ടെടുത്ത് എത്തുന്ന മെഗാസ്റ്റാറിനെ വരവേൽക്കാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. മാസങ്ങളായി ചെന്നൈയിലെ വസതിയിൽ വിശ്രമത്തിലായിരുന്നു മമ്മൂട്ടി. ആറു മാസത്തിലൊരിക്കൽ ചെന്നൈയിൽ പരിശോധനയ്‌ക്കു വിധേയനാകണം. ആന്റോ ജോസഫ് നിർമ്മിക്കുന്ന പേട്രിയറ്റിന്റെ തുടർഭാഗങ്ങൾ വിദേശത്താകും ചിത്രീകരിക്കുക. ശ്രീലങ്കൻ പശ്ചാത്തലത്തിലുള്ള സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കി നവംബർ പകുതിയോടെ മമ്മൂട്ടി കൊച്ചിയിലെ വസതിയിൽലെത്തും. ഈ മാസം ഏഴിനായിരുന്നു അദ്ദേഹത്തിന്റെ 74ാം പിറന്നാളാഘോഷം. മമ്മൂട്ടി വില്ലൻ വേഷത്തിലെത്തുന്ന 'കളങ്കാവൽ" വൈകാതെ തിയേറ്ററിലെത്തും.